ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ ഓഫീസ്. പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിര്‍ദേശം. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യാത്തിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രതയോടുകൂടി മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിപ്പുണ്ട്. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതല്‍ നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫോണ്‍ നമ്പര്‍: 0477-2252636. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണം/ അസ്വാഭാവിക ലക്ഷണങ്ങള്‍ എന്നിവ നിരീക്ഷണ വിധേയമാക്കാന്‍ എല്ലാ മൃഗാശുപത്രികളിലെയും വെറ്ററിനറി സര്‍ന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Post a Comment