ബെംഗളുരു: വരള്‍ച്ച രൂക്ഷമായി തുടരുന്നതിനിടെ നിയമലംഘനങ്ങളില്‍ കർശന നടപടി തുടർന്ന് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്.
ചൊവ്വാഴ്ച ഉഗാദി ദിനത്തില്‍ സ്കൂട്ടർ കഴുകാൻ ശ്രമിച്ചതിന് വിജ്ഞാനനഗർ സ്വദേശിക്ക് അധികൃതർ പിഴ ചുമത്തി. വാഹനം കഴുകാൻ കാവേരി നദിയില്‍ നിന്ന് വിതരണം ചെയ്ത വെള്ളം ഉപയോഗിച്ചതായി കണ്ടെത്തിയപ്പോള്‍ 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
വാഹനങ്ങള്‍ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിക്കപ്പെടുന്ന 407-ാമത്തെ ആളാണ് അദ്ദേഹമെന്ന് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് അധികൃതർ വ്യക്തമാക്കി. ഏപ്രില്‍ 9 വരെ 407 പേർക്ക് പിഴ ചുമത്തുകയും നിയമലംഘകരില്‍ നിന്ന് 20.3 ലക്ഷം രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ജലക്ഷാമം രൂക്ഷമായതോടെയാണ് വെള്ളത്തിൻറെ ദുരുപയോഗം തടയാൻ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ ബെംഗളൂരുവിലെ ഹൗസിംഗ് സൊസൈറ്റികള്‍ കടുപ്പിച്ചത്.
ഇതിനിടെ വരള്‍ച്ച രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കർ ഡ്രൈവർക്കെതിരെ കേസ് എടുത്തിരുന്നു. ജല പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ടാങ്കറുകള്‍ ജലവിതരണം ഏല്‍പ്പിച്ചതിന് പിന്നാലെയാണ് സംഭവം. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡാണ് ഡ്രൈവർക്കെതിരെ കേസ് എടുത്തത്. കുടിവെള്ള ടാങ്കർ ഡ്രൈവറായ സുനിലിനെതിരെ ബലഗുണ്ടെ സ്റ്റേഷനിലാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് പരാതി നല്‍കിയത്.
ജലക്ഷാമം രൂക്ഷമായ 130 വാർഡിലേക്ക് വെള്ളം എത്തിക്കേണ്ട ടാങ്കർ ഡ്രൈവറായിരുന്നു സുനില്‍. എന്നാല്‍ ടാങ്കറില്‍ വെള്ളം നിറച്ച ശേഷം മറ്റൊരു വാർഡിലെ സ്വകാര്യ സ്ഥാപനത്തിന് വെള്ളം വില്‍ക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ടാങ്കർ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് അധികൃതർ പിടിച്ചെടുത്തു. വെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാല്‍ സ്വകാര്യ കുടിവെള്ള ടാങ്കറുകള്‍ക്കെതിരെയും നടപടി കർശനമാകുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് വിശദമാക്കി.
Post a Comment