കെ.എസ്.ആര്‍.ടി.സി സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെങ്കില്‍ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകള്‍ സ്റ്റോപ്പില്‍ നിർത്തി ആളെക്കയറ്റിയില്ലെങ്കില്‍ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തും.

യാത്രക്കാർ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പില്‍ ഇറക്കിയില്ലെങ്കില്‍ 500 രൂപയാകും പിഴ. കുറ്റം ആവർത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കും. തുടർന്നും പരാതിയുണ്ടായാല്‍ സ്ഥലമാറ്റവും സസ്പെൻഷനും ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പിന്നാലെയുണ്ടാകും. 

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാർക്കെതിരേയുള്ള പരാതികളില്‍ ശിക്ഷ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികള്‍ക്ക് അധികാരം നല്‍കിക്കൊണ്ട് കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കി. ജില്ലാതല ഓഫീസുകള്‍ നിർത്തലാക്കിയതിനെത്തുടർന്നാണ് പുതിയ ക്രമീകരണം.

നിയമലംഘനങ്ങള്‍ യാത്രക്കാർക്ക് മൊബൈലില്‍ ചിത്രീകരിച്ച്‌ പരാതിക്കൊപ്പം സമർപ്പിക്കാം. ഇതില്‍ കർശന നടപടിയുണ്ടാകും. നേരിട്ടും, ഇ-മെയിലിലും വാട്‌സാപ്പിലും കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്ബറുകളിലും പരാതിപ്പെടാം. അന്വേഷണം വേഗത്തിലാക്കും. പരാതിക്കാരെ അന്വേഷണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് ഇൻസ്പെക്ടർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. 

യാത്രക്കാരോട് മോശമായി പെരുമാറിയാല്‍ 500 രൂപയാണ് ശിക്ഷ. ആവർത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ഡ്യൂട്ടിക്കിടയില്‍ കണ്ടക്ടർ ഉറങ്ങിയാല്‍ 1000 രൂപയാണ് പിഴ. അംഗീകൃത സ്റ്റോപ്പുകള്‍ ഒഴിവാക്കി മറ്റു റോഡുകളിലൂടെ യാത്ര തുടരുക, സർവീസ് റോഡുകള്‍ ഒഴിവാക്കി യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കും 1000 രൂപ പിഴ ചുമത്തും. 

ഭയപ്പെടുത്തുന്ന വിധത്തില്‍ അലക്ഷ്യമായി ബസ് ഓടിക്കുക, റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് കൃത്യമായ വിവരം നല്‍കാതിരിക്കുക, തുടങ്ങിയ ക്രമക്കേടുകർക്ക് 500 രൂപ പിഴ ഈടാക്കും.

ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര ഒഴിവാക്കാൻ പരിശോധന കടുപ്പിക്കും. ടിക്കറ്റ് നല്‍കിയിട്ടില്ലെങ്കില്‍ ബസിലെ യാത്രക്കാരുടെ എണ്ണത്തിന് അനുപാതികമായി കണ്ടക്ടർക്കുള്ള ശിക്ഷ ഉയരും. 30 യാത്രക്കാർ ബസിലുള്ളപ്പോഴാണ് ഒരാള്‍ക്ക് ടിക്കറ്റ് നല്‍കാൻ വിട്ടുപോയതെങ്കില്‍ 5000 രൂപയാണ് പിഴ. 47 യാത്രക്കാരുള്ളപ്പോഴാണെങ്കില്‍ 3000 രൂപയും 65 യാത്രക്കാർവരെ ബസിലുണ്ടെങ്കില്‍ 2000 രൂപയും കണ്ടക്ടറില്‍നിന്നും ഈടാക്കും. 65-ല്‍ കൂടുതല്‍ യാത്രക്കാരുള്ള ബസിലാണ് വീഴ്ച സംഭവിച്ചതെങ്കതില്‍ 1000 രൂപയാണ് പിഴ. 

അരടിക്കറ്റ് നല്‍കാൻ വിട്ടുപോയാലും 1000 രൂപ പിഴ ചുമത്തും. 20-ല്‍ താഴെ യാത്രക്കാരുള്ളപ്പോഴാണ് ടിക്കറ്റ് നല്‍കുന്നതില്‍ പിഴവ് സംഭവിച്ചിട്ടുള്ളതെങ്കില്‍ വകുപ്പുതല ശിക്ഷാ നടപടിയുണ്ടാകും. 

ശമ്ബളം കൃത്യമായി നല്‍കാത്ത കോർപ്പറേഷൻ ശിക്ഷാനടപടികള്‍ കടുപ്പിക്കുന്നതില്‍ ജീവനക്കാർക്കിടയില്‍ അമർഷമുണ്ട്.

Post a Comment

Previous Post Next Post