പത്തനംതിട്ടയിലെ അപകടം: യുവാവ് കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാർ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തിൽ തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിം(31) എന്നിവരാണ് മരിച്ചത്.


അനുജയും ഹാഷിമും അടുത്തസുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തരയോടെ അടൂരിൽനിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലാണ് അപകടം നടന്നത്. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ അറിയുകയും അത് പിന്നീട് കുടുംബപ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. 
അനുജയും ഹാഷിമും സഞ്ചരിച്ചിരുന്ന കാർ പത്തനാപുരം ഭാഗത്തുനിന്നാണ് വന്നത്. ഈ കാർ, എതിർദിശയിൽനിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗത്തിൽ ഇടിച്ചു കയറ്റുകയായിരുന്നു. കാർ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുൻസീറ്റിൽ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിലേക്ക് തെറിച്ചുവീണു. 
സ്കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. 
അപകടത്തിൽ പരിക്കേറ്റ അനുജയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മറ്റ് അധ്യാപകരും ആശുപത്രിയിൽ എത്തിയിരുന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ നിസാം റാവുത്തർ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. അനുജയും സംഘവും വന്ന വാഹനത്തിന് പിന്നാലെ ഹാഷിം കാറുമായി എത്തുകയായിരുന്നു. പത്തനംതിട്ട-കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്തുവെച്ച് അധ്യാപകസംഘത്തിന്റെ വാഹനത്തിന് കുറുകേ ഹാഷിം കാർ നിർത്തി. വാഹനത്തിന്റെ വാതിലിൽ തട്ടി അനുജയെ പുറത്തേക്ക് വിളിച്ചിറക്കി. ആരാണെന്ന് സഹഅധ്യാപകർ ചോദിച്ചപ്പോൾ കൊച്ചച്ചന്റെ മകൻ ആണെന്നായിരുന്നു അനുജയുടെ മറുപടി. വീട്ടിലേക്ക് എത്തിക്കോളാം എന്നും പറഞ്ഞു. തുടർന്ന് സഹഅധ്യാപകർ അനുജയുടെ ഭർത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാനും തങ്ങൾ സ്റ്റേഷനിലേക്ക് എത്താമെന്നും പറഞ്ഞു. തുടർന്ന് ഇവർ നൂറനാട് പോലീസ് സ്റ്റേഷൻ വഴി അടൂർ സ്റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. ആ സമയത്താണ് അപകടവിവരം അറിയുന്നത്.

Post a Comment

Previous Post Next Post