തെരഞ്ഞെടുപ്പ് കാലത്തെ രാജ്യത്തെ ഇന്ധന വില ഇങ്ങനെയാണ്, രണ്ടാം സ്ഥാനത്ത് കേരളം

 
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുൻപാണ് രാജ്യത്തെ പെട്രോൾ വില കുറച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിയാണ് സമൂഹ മാധ്യമമായ എക്‌സിൽ അറിയിച്ചത്. 2020 ൽ 70 രൂപ വിലയിൽ നിന്നിരുന്ന പെട്രോൾ വിലയാണ് ഇപ്പോൾ മൂന്ന് വർഷം പിന്നിട്ടപ്പോൾ നൂറും കടന്ന് നിൽക്കുന്നത്. 110 രൂപയുടെ അടുത്ത് നിൽക്കുന്ന വിലയിൽ നിന്ന് 2 രൂപ മാത്രം കുറച്ചുള്ള പ്രീണന നയം തെരഞ്ഞെടുപ്പിൽ വിലപ്പോവുമോ എന്ന് കണ്ടറിയണം.

തെരഞ്ഞെടുപ്പിന് തന്നെ ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്തെ പെട്രോൾ വിലയിൽ മുന്നിൽ നിൽക്കുന്നത് ആന്ധ്രാപ്രദേശാണ്. കേരളം, തെലങ്കാന സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ആന്ധ്രയിൽ പെട്രോൾ ലിറ്ററിന് 109.87 രൂപയാണ് വില. രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ 107.35 എന്ന നിരക്കിലാണ് വില. തൊട്ടുപിന്നിൽ ഉള്ള തെലങ്കാനയിൽ ഒരു ലിറ്റർ പെട്രോൾ കിട്ടാൻ 107.39 രൂപ നൽകണം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വില കുറച്ച് വോട്ട് ബാങ്ക് ലക്ഷ്യമിടുന്നുണ്ടെങ്കിലും ഒട്ടും പുറകിലല്ല ഈ സംസ്ഥാനങ്ങളും. മധ്യപ്രദേശിലെ ഭോപാലിൽ 106.45 രൂപയാണ് പെട്രോൾ വില. അതായത് കേരളത്തേക്കാൾ 90 പൈസയുടെ കുറവ് മാത്രം ബിഹാറിലെ പട്‌നയിൽ 105.16 രൂപയാണ് ഒരു ലിറ്റർ പെട്രോൾ വില. 
ഡീസലിന് ആന്ധ്രാപ്രദേശിലെ അമരാവതിയിൽ ലിറ്ററിന് 97.6 രൂപയാണ് വില. തിരുവനന്തപുരത്ത് 96.41 രൂപ നൽകിയാലേ ഒരു ലിറ്റർ ഡീസൽ ലഭിക്കൂ. എന്നാൽ ഹൈദരാബാദിൽ 95.63, റായ്‌പുരിൽ 93.31 രൂപ എന്നിങ്ങനെയാണ് വില. ബിജെപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബിഹാർ എന്നിവിടങ്ങളിൽ 92 രൂപ മുതൽ 93 വരെയാണ് വില. 

Post a Comment

Previous Post Next Post