ഇരിട്ടി: ഈസ്റ്റർ അടുത്തതോടെ മലയോര മേഖലയിലെ ഇറച്ചി വില യാതൊരു നിയന്ത്രണവമില്ലാതെ വർധിപ്പിച്ച് മൊത്ത വില്പനക്കാർ.
300 മുതല്‍ 320 രൂപക്ക് വിറ്റിരുന്ന പന്നി ഇറച്ചി കഴിഞ്ഞ ഒരാഴ്ചയായി വില്പന നടത്തുന്നത് 380 രൂപയ്ക്കാണ്. 350 രൂപയ്ക്ക് വിറ്റിരുന്ന പോത്തിറച്ചി ഇപ്പോള്‍ വില്പന നടത്തുന്നത് 380ന്. ആഘോഷങ്ങള്‍ അടുത്തതോടെ മാർക്കറ്റില്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് വില വർധിപ്പിക്കുന്നത്.
ഇറച്ചിയുടെ വില നിശ്ചയിക്കാൻ മാർക്കറ്റില്‍ മറ്റ് സംവിധാനം ഒന്നും ഇല്ലാത്തതാണ് ഇത്തരത്തില്‍ തോന്നുംപോലെ വില വർധിപ്പിക്കാനുള്ള കാരണം. എന്തു വിലനല്‍കിയും ജനങ്ങള്‍ ഇറച്ചി വാങ്ങും എന്നുള്ള കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍. സമീപത്തെ പല ടൗണുകളിലും ഒരുകിലോ ഇറച്ചിയില്‍ 20 രൂപ വരെ വ്യത്യാസം ഉള്ളതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈസ്റ്റർ അടുത്തതോടെ കോഴിവിലയും കിലോ 10 രൂപ വരെ കൂടിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് പോത്തിറച്ചിക്ക് 350 രൂപയും പന്നിക്ക് 320 രൂപയുമായി പുനർ നിർണയിച്ച് കച്ചവടം നടത്തിവന്നിരുന്നത്. ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് പോത്തിറച്ചിക്ക് കിലോ 30 രൂപയും പന്നിക്ക് കിലോ 60 രൂപയുമാണ് ഉയർത്തിയിരിക്കുന്നത്. പന്നി ഇറച്ചി കിട്ടാനില്ല എന്ന കാരണം കാണിച്ച് വില വർധിപ്പിച്ചപ്പോള്‍ പോത്തിറച്ചിക്കും കൂടെ മൊത്ത വില്പനക്കാർ വില ഉയർത്തുകയായിരുന്നു.
കർണാടകയില്‍ നിന്നും പന്നികള്‍ എത്തുന്നില്ല
കർണാടകയില്‍ നിന്നും കേരളത്തിലെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ എത്തിയിരുന്ന പന്നികളെ കേരളത്തിലെ ഒരു സംഘത്തിന്‍റെ എതിർപ്പിനെത്തുടർന്ന് ഇറക്കുമതി ചെയ്യുന്നത് നിർത്തിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളില്‍ ഉണ്ടായ പന്നിപ്പനി കാരണം ചെറുകിട ഫാമുകള്‍ പലതും അടച്ചുപൂട്ടിയിരുന്നു.
ഇതും പന്നി ഇറച്ചി വില വർധിക്കാൻ കാരണമായെന്നാണ് മൊത്ത വ്യാപാരികള്‍ പറയുന്നത്. മലയോരത്തെ കോഴിക്കടകളില്‍ നിന്നും കോഴി വേസ്റ്റുകള്‍ മട്ടന്നൂർ നഗരസഭയില്‍ നിന്നുള്ള വാഹനം എത്തി ശേഖരിക്കുന്നതുകൊണ്ട് ചെറുകിട ഫാമുകള്‍ക്ക് പന്നിക്ക് ഭക്ഷണമായി നല്‍കാറുള്ള കോഴിവേസ്റ്റുകള്‍ ലഭിക്കാത്തതും ചെറുകിട ഫാമുകളെ ബാധിക്കുന്നുണ്ട്.
Post a Comment