ഓണ്‍ലൈൻ ഓഹരി വ്യാപാരവും സാധനം വാങ്ങലും സൂക്ഷിച്ചുമതി


കണ്ണൂർ: ഓണ്‍ലൈനില്‍ ഓഹരി വ്യാപാരം സംബന്ധിച്ച അന്വേഷണം നടത്തുമ്ബോഴും പണം നിക്ഷേപിക്കുമ്ബോഴും വെബ്സൈറ്റുകള്‍ വഴി സാധനം വാങ്ങുമ്ബോഴും അതീവ ശ്രദ്ധ വേണമെന്ന മുന്നറിയിപ്പുമായി സൈബർ പൊലീസ്.

ഷെയർ ട്രേഡിങ് പ്ലാറ്റ്ഫോമില്‍ പണം നിക്ഷേപിക്കാൻ താല്‍പര്യം പ്രകടിപ്പിച്ച ന്യൂമാഹി സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ 32.5 ലക്ഷം രൂപയാണ് നഷ്ടമായത്. പരാതിക്കാരൻ ആദിത്യ ബിർള ക്യാപിറ്റല്‍ ഷെയറിന്റെ വ്യാജ വെബ്സൈറ്റ് സന്ദർശിക്കുകയും കസ്റ്റമർ കെയർ നമ്ബറില്‍ ബന്ധപ്പെടുകയും ചെയ്തു. അവരുടെ ഉപദേശപ്രകാരം വിവിധ ഇടപാടുകളിലായാണ് തുക നഷ്ടമായത്. 

മറ്റൊരു കേസില്‍ ഇന്ത്യ മാർട്ട് പ്ലാറ്റ്ഫോമില്‍ സാധനം വാങ്ങാൻ താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പച്ചക്കറി വ്യാപാരി എന്ന വ്യാജേന ബന്ധപ്പെട്ടയാള്‍ പരാതിക്കാരനില്‍നിന്ന് 1.43 ലക്ഷം രൂപ തട്ടിയെടുത്തു. 

യഥാർഥ വ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച്‌ പച്ചക്കറി ഓർഡർ ചെയ്യിപ്പിക്കുകയും തുക കൈമാറാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, ഓർഡർ ചെയ്‌ത സാധനം ലഭിച്ചില്ല. എസ്.ബി.ഐ ക്രെഡിറ്റ് കാർഡില്‍ നിന്നുള്ള സ്റ്റാഫ് എന്ന നിലയില്‍ ന്യൂമാഹി സ്വദേശിയെ അപേക്ഷകനെ ബന്ധപ്പെട്ടയാള്‍ തട്ടിയത് 89,142 രൂപയാണ്. 

. എസ്.ബി.ഐ യോനോ റിവാർഡ് പോയന്റ് റഡീം ചെയ്യുന്നതിനായി ഫോണില്‍ വന്ന സന്ദേശത്തില്‍ കണ്ട ലിങ്കില്‍ ക്ലിക്ക് ചെയ്ത്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയതിനെ തുടർന്ന് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ യുവതിക്ക് കഴിഞ്ഞയാഴ്ച അക്കൗണ്ടില്‍ നിന്നും 25,000 രൂപ നഷ്ടപ്പെട്ടിരുന്നു. 

എച്ച്‌.ഡി.എഫ്.സി സ്മാർട്ട്‌ ഫണ്ടിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ ഉയർന്ന ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതി ഉണ്ടെന്ന വ്യാജ വാഗ്ദാനത്തില്‍ വിശ്വസിപ്പിച്ച്‌ കണ്ണൂർ കൊറ്റാളി സ്വദേശിനിയില്‍നിന്ന് 1.99 ലക്ഷം രൂപ ഓണ്‍ലൈൻ വഴി തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശി വിനീത് കുമാറിനെ കഴിഞ്ഞദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. 

ഇത്തരം ഓണ്‍ലൈൻ തട്ടിപ്പില്‍ നിങ്ങള്‍ ഇരയാവുകയാണെങ്കില്‍ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെല്‍പ്പ് ലൈൻ നമ്ബറായ 1930 ല്‍ വിളിച്ച്‌ പരാതി രജിസ്റ്റർ ചെയ്യാം. പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാം.

Post a Comment

Previous Post Next Post