തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിന് തയ്യാറാക്കിയ മാർഗനിർദേശങ്ങളനുസരിച്ച് കൈക്കൊണ്ട നടപടികള്‍ അവലോകനം ചെയ്യാൻ ഉന്നതതലയോഗം ചേർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ആനയെ അകറ്റുന്ന പ്രത്യേകതരം തേനീച്ചയെ അനുയോജ്യമായ മേഖലകള്‍ കണ്ടെത്തി വളർത്തും. കരടികള്‍ ഇല്ലാത്ത മേഖലകളിലാണ് തേനീച്ചയെ വളർത്താൻ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
വനംവകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാനതല കണ്‍ട്രോള്‍റൂം തുറന്നു. 36 വനം ഡിവിഷനുകളില്‍ എമർജൻസി ഓപ്പറേഷൻ സെന്റർ തുടങ്ങും. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് സർക്കിള്‍, ഡിവിഷൻ തലങ്ങളില്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. പഞ്ചായത്ത് തലത്തിലും വാട്‌സാപ് ഗ്രൂപ്പുകള്‍ രൂപീകരിക്കും.
വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പാക്കാൻ നടപടിയെടുക്കും. വയനാട് വനമേഖലയില്‍ 341ഉം ഇടുക്കിയില്‍ 249ഉം കുളങ്ങള്‍ പരിപാലിക്കുന്നുണ്ട്. കുളങ്ങള്‍, ചെക്ക് ഡാമുകള്‍ എന്നിവ നിർമിക്കുന്നതിന് സി.എസ്.ആർ ഫണ്ടില്‍നിന്ന് തുക ലഭ്യമാക്കാൻ നടപടി തുടങ്ങി. വാട്ടർടാങ്കുകള്‍ നിർമിക്കാനും ആലോചിക്കുന്നു.
വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നല്‍കാനുള്ള 13.70 കോടി രൂപയില്‍ 6.45 കോടി രൂപ വിതരണം ചെയ്‌തു. 7.26 കോടി രൂപ നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. മനുഷ്യ-വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിന് കിഫ്ബി 100 കോടി അനുവദിച്ചിരുന്നു. 110 കോടി രൂപക്ക് കൂടിയുള്ള കരട് നിർദേശം തയ്യാറാക്കിയിട്ടുണ്ട്.
ദീർഘകാല, ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിർദേശങ്ങള്‍ സമർപ്പിക്കാൻ അന്തർദേശീയ ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ഒരാഴ്ചയ്‌ക്കകം ലഭ്യമാകും. ഏപ്രിലില്‍ അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് ഇത്തരം കാര്യങ്ങള്‍ ചർച്ച ചെയ്യാൻ സെമിനാർ സംഘടിപ്പിക്കും.
64 പമ്ബ് ആക്ഷൻ തോക്കുകള്‍, രണ്ട് ട്രാങ്കുലൈസർ തോക്കുകള്‍, നാല് ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതിന് നടപടിയായി. വയനാട് മേഖലയിലെ 66 തോട്ടങ്ങളില്‍ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ അടിക്കാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post a Comment