ചെന്നൈ: വരുന്ന രണ്ടുമാസത്തിലേറെക്കാലം രാജ്യം ബാലറ്റ് പോരാട്ടത്തിലാണെങ്കിൽ ക്രിക്കറ്റ് ലോകത്ത് സമാന്തരമായി മറ്റൊരു മത്സരം നടക്കും. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ.പി.എലിൽ 10 ടീമുകളുടെ പോരാട്ടം ഇന്ന് രാത്രി എട്ടിന് തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗ്രൗണ്ടിലിറങ്ങുന്നതോടെ ഈ ബാറ്റുയുദ്ധത്തിന്റെ വേദി തുറക്കും.
തുടർന്ന് രണ്ടുമാസം കൊണ്ടുപിടിച്ച മത്സരങ്ങൾ, ആരാധകരുടെ ആർപ്പുവിളികൾ, ആഘോഷം... മേയ് ഒടുവിൽ നടക്കുന്ന ഫൈനലിൽ പത്തിലൊരു ടീം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് പോരിൽ വിജയികളാകും. വരുന്ന ഒരുവർഷം അവരായിരിക്കും ഐ.പി.എലിന്റെ അധികാരത്തിൽ.
പതിനേഴാമത് ഐ.പി.എലാണിത്. പത്തുടീമുകൾ മത്സരിക്കുന്നു. ആകെ 72 മത്സരം. അഞ്ചുടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായാണ് കളി. ഓരോ ടീമും ഗ്രൂപ്പിലെ ഓരോ ടീമിനെതിരേയും രണ്ടുവട്ടം (ഹോം ആൻഡ് എവേ) കളിക്കും. അടുത്തഗ്രൂപ്പിലെ ടീമുമായി ഒരുതവണയും. പ്രാഥമികഘട്ടത്തിൽ ഓരോ ടീമിനും 14 മത്സരം. ഇതിൽ കൂടുതൽ പോയിന്റ് നേടുന്ന നാലു ടീം നോക്കൗട്ടിലെത്തും. ചെന്നൈ സൂപ്പർ കിങ്‌സാണ് നിലവിലെ ജേതാക്കൾ.
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, ആദ്യ 21 മത്സരങ്ങളുടെ ഫിക്‌സ്ചർ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. ശേഷിക്കുന്ന മത്സരങ്ങൾ വിദേശത്ത് നടത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) അത് നിഷേധിച്ചിട്ടുണ്ട്. ശേഷിക്കുന്ന മത്സരക്രമം വൈകാതെ പ്രഖ്യാപിക്കും. മേയ് അവസാനമായിരിക്കും ഫൈനൽ.
Post a Comment