കാട്ടുപോത്ത് ആക്രമണം; മരിച്ച കര്‍ഷകന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം


കോഴിക്കോട് കക്കയത്ത്കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്‍റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ സർക്കാർ.

എബ്രഹാമിന്‍റെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നാളെ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകനാണ് ഇന്ന് വൈകിട്ടോടെ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ എബ്രഹാമിനെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെയും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

അതിനിടെ, ആളെ കൊല്ലി കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളില്‍ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വനപാലകരെ ഉള്‍പ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. ഉയർന്ന താപനില കാരണം കാട്ടില്‍ നിന്ന് വന്യമൃഗങ്ങള്‍ പുറത്തുവരാൻ സാധ്യതയുള്ളതിനാല്‍ വനത്തില്‍ പ്രവേശിക്കരുതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post