വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജീവനെടുത്തത് വീടിന്റെ ഗേറ്റ് തകർത്തെത്തി | വീഡിയോ




മാനന്തവാടി: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രാക്ടർ ഡ്രൈവർ പടമല ചാലിഗദ്ദ പനച്ചിയിൽ അജി (47) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പുല്ലരിയാൻ പോയപ്പോൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.
റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്. 



കർണാടകയിൽ നിന്ന് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ച് വിട്ട ഈ ആന മാസങ്ങൾക്കു മുമ്പ് വയനാട് വന്യജീവിസങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി സ്ഥിരീകരിച്ചിരുന്നു. നോർത്ത് - സൗത്ത് വയനാട് വനം ഡിവിഷനുകൾ അതിരിടുന്ന പ്രദേശമാണ് ചാലിഗദ്ദ.


അജിയുടെ മൃതദേഹം നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. വനംവകുപ്പിനുണ്ടായ വീഴ്ചകൾ ഉയർത്തി ഇവിടെ നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്.
പുലർച്ചെ ആന ജനവാസമേഖയിൽ ഇറങ്ങിയതായി റേഡിയോ കോളർ വഴി നിരീക്ഷിച്ചപ്പോൾ വ്യക്തമായിരുന്നു. വനപാലകർ കാട്ടാനയെത്തുരത്തി വനത്തോട് അടുത്ത ചാലിഗദ്ദ വരെ എത്തിച്ചിരുന്നു. എന്നാൽ, അജിയെ ആന ഓടിക്കുകയായിരുന്നു. അജി തൊട്ടടുത്തുള്ള വീട്ടിലേക്ക് മതിൽ ചാടി കടന്നെങ്കിലും പിന്നാലെ എത്തിയ ആന ഗേറ്റ് പൊളിച്ചുകയറി അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
തണ്ണീർക്കൊമ്പനൊപ്പം ബന്ദിപ്പുർ വനമേഖലയിൽ തുറന്നുവിട്ട ഒരു കാട്ടാനകൂടി വയനാട്ടിലുണ്ടെന്ന് കഴിഞ്ഞ ദിവസം സി.സി.എഫ്. വ്യക്തമാക്കിയിരുന്നു. റേഡിയോ കോളറിന്റെ ആന്റിനയും റിസീവറും ആവശ്യപ്പെട്ട് കേരള വനംവകുപ്പ് കർണാടകത്തിന് കത്തയച്ചിരുന്നു. എന്നാൽ, ഇന്റർനെറ്റ് വഴി ട്രാക്ക് ചെയ്യുന്ന യൂസർ ഐഡിയും പാസ്വേഡും മാത്രമായിരുന്നു കർണാടക നൽകിയത്. ഇതിൽ പലപ്പോഴും വൈകിയായിരുന്നു സിഗ്നൽ ലഭിച്ചിരുന്നത്.

Post a Comment

Previous Post Next Post