കരുവഞ്ചാല്‍: കരുവൻചാലിലെ പാലം പണി അനിശ്ചിതമായി നീളുന്നത് പ്രദേശത്തെ വ്യാപാര-തൊഴില്‍ മേഖലയിലുള്‍പ്പെടെ പ്രതിസന്ധിയിലാക്കുന്നു.
വേഗത്തില്‍ പണിപൂർത്തിയാക്കുമെന്ന് പറഞ്ഞു തുടങ്ങിയ കരുവഞ്ചാല്‍ പാലം പ്രവൃത്തി എന്ന് പൂർത്തിയാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. പണി വളരെ മന്ദഗതിയിലാണ് നീങ്ങുന്നതെന്നാണ് പരാതി. തിരക്കുള്ള സമയങ്ങളില്‍ ഒരു മണിക്കൂറിലധികം വാഹനം കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്.
വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയാതെ വരുന്നതോടെ സമീപഭാഗങ്ങളിലെ ചെറു റോഡുകളിലൂടെ വാഹനങ്ങള്‍ വളഞ്ഞുചുറ്റി പോകേണ്ടിവരുന്നു. ഇതുമൂലം പല ലിങ്ക് റോഡുകളും തകർന്നുതുടങ്ങി. ഇടക്ക് മുടങ്ങുന്ന പ്രവൃത്തി നാട്ടുകാർ പ്രതിഷേധിക്കുമ്ബോള്‍ നാലോ അഞ്ചോ അഥിതി തൊഴിലാളികളുമായി പുനരാരംഭിക്കുന്ന രീതിയാണ് ഇവിടെ തുടരുന്നത്.
മലയോര ഹൈവേയുടെയും തളിപ്പറമ്ബ്-കൂർഗ് അതിർത്തി (ടിസിബി) റോഡിന്‍റെയും ഭാഗമായ ഈ പാലംപണി ഉടൻ പൂർത്തിയാക്കാൻ നടപടി ഉണ്ടാകണം.
നിലവിലുള്ള പാലത്തില്‍ ഒരുസമയം ഒരുഭാഗത്തേക്കുള്ള വാഹനത്തിന് മാത്രമെ കടന്നുപോകാനാകൂ. ഇതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. ആലക്കോട് പാലം പണി പൂർത്തിയാക്കുകയും ഉദ്ഘാടനത്തിന് കാത്തിരിക്കാതെ വാഹനയാത്ര അനുവദിക്കുകയും ചെയ്‌തത് വലിയ ആശ്വാസമായിട്ടുണ്ട്.
സീസണ്‍ സമയമായതോടെ വാഹനങ്ങളുടെ ഇടമുറിയാത്ത ഓട്ടമാണിപ്പോള്‍. ദീർഘ ദൂരബസുകള്‍ പോലും പലപ്പോഴും ഒരുമണിക്കൂറിലധികം ഇവിടെ കുടുങ്ങിക്കിടക്കാനിടയാക്കുന്നു. ഇത് ഇവരുടെ സർവീസിനെപ്പോലും ബാധിക്കുന്ന സഥിതിയിലെത്തി. കരുവഞ്ചാലിലെ ഗതാഗതക്കുരുക്ക് വ്യാപാര മേഖലയെയും പ്രതിസന്ധിയിലാക്കുന്നതായി ഇവിടുത്തെ വ്യാപാരികളും തൊഴിലാളികളും പറയുന്നു.
Post a Comment