മാവോയിസ്റ്റ് സാന്നിധ്യം; ചെറുപുഴ കാനംവയലില്‍ കര്‍ണാടക പൊലീസ് സുരക്ഷ ശക്തമാക്കി

ചെറുപുഴ :കർണ്ണാടക-കേരള അതിര്‍ത്തിയിലെ ചെറുപുഴ കാനംവയലില്‍ കര്‍ണാടക പൊലീസ് സുരക്ഷ ശക്തമാക്കി. കര്‍ണാടക വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ കേരളത്തിലെ ജനവാസ കേന്ദ്രത്തില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക പൊലീസ് സുരക്ഷ ശക്തമാക്കിയത്.

കര്‍ണാടകത്തില്‍ നിന്നുള്ള നക്സല്‍ വിരുദ്ധ സേനയാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. 

കര്‍ണാടക വനംവകുപ്പിന്റെ മുണ്ടറോട്ട് റെയ്ഞ്ചില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ചെറുപുഴ പഞ്ചായത്തിലെ കാനംവയലിനോട് ചേര്‍ന്നു കിടക്കുന്ന വനമേഖല. ഈ ഭാഗത്താണ് കര്‍ണാടക വനം വകുപ്പിന്റെ റേയ്ഞ്ച് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒട്ടേറെ വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് ആന്റി നക്സല്‍ ഫോഴ്സ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. 

കേരളത്തില്‍ ആദ്യമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് കാനംവയലിനോട് ചേര്‍ന്ന് കര്‍ണാടക വനത്തിലെ മങ്കുണ്ടി എസ്റ്റേറ്റ്. 2012ല്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുളള സംഘം മങ്കുണ്ടി എസ്റ്റേറ്റില്‍ എത്തിയിരുന്നു.


Post a Comment

Previous Post Next Post