കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരി പെരിങ്ങാനത്ത് തെയ്യത്തിന് മര്‍ദ്ദനം. കൈതചാമുണ്ഡി തെയ്യം ഓടിക്കുന്നതിനിടെ കാണാന്‍ എത്തിയവര്‍ക്ക് വീണ് പരിക്കേറ്റതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.
സംഘര്‍ഷത്തില്‍ നിന്ന് തെയ്യത്തെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവമുണ്ടായത്.
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തില്‍ കൈതചാമുണ്ടി തെയ്യത്തിന് ഇടയിലാണ് സംഭവമുണ്ടായത്. തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിയ്ക്ക് വീണ് പരിക്കേറ്റതാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. കൈതച്ചെടി വെട്ടി മടപ്പുരയിലേയ്ക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. പേടിപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലും ആളുകളെ പിന്നാലെ ഓടി ഭയപ്പെടുത്തുന്നതാണ് ചടങ്ങ്. ഇതിനിടെയാണ് പേടിച്ചോടിയ കുട്ടിയ്ക്ക് വീണ് പരിക്കേറ്റത്.
കുട്ടിയ്ക്ക് പരിക്കേറ്റതിന് പിന്നാലെ പ്രകോപിതരായ ചിലര്‍ എത്തി തെയ്യം കെട്ടിയ ആളെ മര്‍ദ്ദിക്കുകയായിരുന്നു. സംഘാടകരാണ് തെയ്യം കെട്ടിയ ആളെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കാത്തതിനാല്‍ കേസ് എടുത്തിട്ടില്ല.
Post a Comment