കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ മരിച്ചു: വയനാട്ടിൽ നാളെ യു.ഡി.എഫ്. ഹർത്താൽ

 


കോഴിക്കോട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പാക്കം സ്വദേശി വെള്ളച്ചാലിൽ പോളി(52)ന്റെ ജീവൻരക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച പോളിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പിന്നാലെ അദ്ദേഹം മരിച്ചു. 3.25-ഓടെയാണ് മരിച്ചത്.


വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് പോളിന് കാട്ടാനയുടെ കുത്തേറ്റത്. പാക്കം- കുറുവാ ദ്വീപ് റൂട്ടിൽ ചെറിയമല വനമേഖലയിൽ വെച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോൾ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു. തുടർന്ന് ഭയന്നോടിയപ്പോൾ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോൾ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവർത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.

മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പോളിനെ മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. പോളുമായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഒരുമണിക്കൂർ 57 മിനിറ്റുകൊണ്ടാണ് ആംബുലൻസ് കോഴിക്കോട്ട് എത്തിയത്. ഐ.സി.യു. ആംബുലൻസിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്.

Post a Comment

Previous Post Next Post