തലശേരി-മാഹി ബൈപ്പാസ് 27ന് സമര്‍പ്പിക്കും

 
കണ്ണൂര്‍: മലബാറിലെ ആദ്യത്തെ നിര്‍മാണ പ്രവൃത്തി ഈ ആഴ്ച പൂര്‍ത്തിയാ കും. ദേശീയപാത 66 ന്‍റെ ഭാഗമായി നിര്‍മിച്ച മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കും.

അന്ന് വിവിധ പരിപാടികള്‍ക്കായി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. 

നിര്‍മാണ കമ്ബനി 24ന് ദേശീയപാത അഥോറിറ്റിക്ക് ബൈപ്പാസ് കൈമാറുന്ന സാഹചര്യത്തില്‍ യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. അവസാന ലെയര്‍ ടാറിംഗ്, സീബ്രാലൈന്‍ , കൈവരിക്ക് പെയിന്‍റടിക്കല്‍ എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നത്. മാഹി റെയില്‍ മേല്‍പ്പാലത്തിലെ പണികളും പൂര്‍ത്തിയായി. 

സൈന്‍ ബോര്‍ഡുകളും റോഡരികിലെ വിളക്കുകളും കഴിഞ്ഞ ആഴ്ച സ്ഥാപിച്ചു. അടിപ്പാതകളിലും വിളക്കും തെളിയും. 18.6 കിലോമീറ്റര്‍ നീളമാണ് ബൈപ്പാസിന്. നാല് വലിയ പാലങ്ങളും 21 അടിപ്പാ തകളും ഒരു റെയില്‍വേ മേല്‍പ്പാലവും കോളശേരിയില്‍ ടോള്‍ പ്ലാസയുമുണ്ട്. ഉത്തര മലബാറിന്‍റെ ഗതാഗത വികസനത്തിലെ നാഴികക്കല്ലായി മാറുന്ന പദ്ധതിയാണിത്. 

1300 കോടി രൂപ ചെലവഴിച്ചാണ് ആറുവരിപ്പാത നിര്‍മിച്ചത്. 85.5ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തു. മുഴപ്പിലങ്ങാട് നിന്ന് ധര്‍മടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂ രില്‍ ചെന്നെത്തുന്നത്. 

തലശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് 15 മിനിറ്റുകൊണ്ട് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ തലശേരിയിലെയും മാഹിയിലെയും കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും വിരാമമാകും. 

47 വര്‍ഷത്തെ കാത്തിരിപ്പ് 

മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടെ 47 വര്‍ഷത്തെ കാത്തിരിപ്പിനാണ് അവസാനമാകുന്നത്. 1977ലാണ് ബൈപ്പാസ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭപ്രവൃത്തി തുടങ്ങിയത്. പിന്നീടത് തടസപ്പെട്ടു. 

സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 ലാണ് നിര്‍മാണം തുടങ്ങിയത്. നിര്‍മാണം പൂര്‍ത്തിയാക്കി 21ല്‍ റോഡ് തുറന്നുകൊടുക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ്, പ്രളയം എന്നിവ പ്രവൃത്തി വൈകാന്‍ കാരണമായി. തലശേരിക്കു സമീപം ബാലത്തിലെ പാലം നിര്‍മാണത്തിനിടെ തകര്‍ന്ന് ബീമുകള്‍ പുഴയില്‍ വീണതും നിര്‍മാണം വൈകാനിടയാക്കി.

Post a Comment

Previous Post Next Post