ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ വീണ്ടും; കിരീടപ്പോരാട്ടം അണ്ടര്‍ 19 ലോകകപ്പില്‍

ലോകകപ്പ് ക്രിക്കറ്റില്‍ വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടം. ഇത്തവണ പോരാട്ടം കൗമാരപ്പട മാറ്റുരക്കുന്ന അണ്ടർ 19 ലോകകപ്പിലാണ്.

ആവേശം അവസാന ഓവര്‍ വരെ നീണ്ട രണ്ടാം സെമിഫൈനലില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് വീഴ്ത്തിയാണ് ഓസ്ട്രേലിയ ഫൈനലില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും സീനിയര്‍ ടീമുകള്‍ ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കൗമാര ലോകകപ്പിലും ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ആവര്‍ത്തിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 179ല്‍ എറിഞ്ഞൊതുക്കിയെങ്കിലും ഓസ്ട്രേിലയയുടെ വിജയം അനായാസമായിരുന്നില്ല. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹാരി ഡിക്സണും 49 റണ്‍സടിച്ച ഒലിവര്‍ പീക്കെയും 25 റണ്‍സെടുത്ത ടോം കാംപ്‌ബെല്ലുമൊഴികെ മറ്റാരും പൊരുതാതിരുന്ന മത്സരത്തില്‍ ഓസ്ട്രേലിയ അവസാന ഓവറില്‍ അവസാന വിക്കറ്റിലാണ് ജയിച്ചു കയറിയത്. *സ്കോര്‍: പാകിസ്ഥാന്‍ 48.5 ഓവറില്‍ 179ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 49.1ഓവറില്‍ 181-9.


Post a Comment

Previous Post Next Post