ആര്‍സിയും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ കോടതി കയറേണ്ടിവരും


ആര്‍സിയും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് എട്ടിന്റെ പണി കിട്ടും. സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹനരേഖകളില്‍ മൊബൈല്‍ നമ്പര്‍ കൃത്യമല്ലെന്ന് MVD. എഐ ക്യാമറകളും ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഇ-ചലാന്‍ മുഖാന്തരമുള്ള പിഴയുടെ സന്ദേശം ഇതോടെ, ഉടമയ്ക്ക് കിട്ടാതെപോകുന്നു. നിയമലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും സമയത്ത് അറിയാതെ ഉടമ ഒടുവില്‍ കോടതി കയറേണ്ടിവരും.

ആർസിയും മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ കോടതി കയറേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മോട്ടോർവാഹന വകുപ്പ്. സംസ്ഥാനത്ത് നിലവിൽ 60 ശതമാനത്തോളം വാഹനങ്ങളിൽ മൊബൈൽ നമ്പർ കൃത്യമല്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ കണക്ക്. ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത് വാഹന ഉടമകൾക്ക് തന്നെയാണ്. നിയമലംഘനം നടന്നാൽ അത് അറിയിക്കാൻ കഴിയാതെ പോവുന്നതുമൂലം വാഹന ഉടമകൾ കോടതി കയറേണ്ടി വരും. ചിലര്‍ ഫോണ്‍നമ്പര്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബന്ധിപ്പിക്കാത്തതും ചിലരുടെ നമ്പര്‍ തെറ്റിനല്‍കിയതുമൊക്കെയാണ് പ്രശ്നമായി വരുന്നത്.
എ.ഐ. ക്യാമറകളും ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഇ-ചലാന്‍ മുഖാന്തരം പിഴയുടെ സന്ദേശം ഉടമകൾക്ക് അയക്കാറുണ്ട്. മൊബൈൽ നമ്പറില്ലാതെ വരുമ്പോൾ ഇത് ഉടമക്ക് കിട്ടാതെ പോകുന്നു. മോട്ടോര്‍വാഹനവകുപ്പിന്റെ മറ്റു സേവനങ്ങള്‍ക്കായി പോകുമ്പോഴായിരിക്കും പിഴചുമത്തിയെന്നത് ഉടമകള്‍ അറിയുന്നത്. പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ ഓൺലൈനായി പിഴയടക്കാൻ കഴിയും. ഈ കാലയളവിന് ശേഷം കേസുകള്‍ക്ക് ഓണ്‍ലൈനായി തീര്‍പ്പുകല്പിക്കുന്ന വെര്‍ച്വല്‍ കോടതിയിലേക്ക് കേസ് മാറ്റും. പിന്നെ കോടതി നടപടികൾക്ക് ശേഷം മാത്രമേ പിഴയടക്കാൻ കഴിയൂ.

ഈ കാലയളവിൽ വാഹനം വില്‍ക്കുക, ഈടുനല്‍കി വായ്പയെടുക്കാന്‍ ശ്രമിക്കുക, കാലാവധികഴിഞ്ഞ് ടെസ്റ്റിന് കൊണ്ടുപോകുക, മോട്ടോര്‍വാഹനവകുപ്പില്‍ മറ്റു സേവനങ്ങള്‍ക്കായി സമീപിക്കുക തുടങ്ങിയ അവസരങ്ങളിൽ ഉടമ വെട്ടിലാവുന്നത്. ഓണ്‍ലൈനില്‍ പിഴയടയ്ക്കാനുള്ള സമയം കഴിഞ്ഞാൽ പിന്നെ കോടതിനടപടി പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ. പഴയ വാഹനങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായുള്ളത്. പുതിയവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍തന്നെ ഇപ്പോൾ നമ്പര്‍ ബന്ധിപ്പിക്കുന്നുണ്ട്.

Post a Comment

Previous Post Next Post