കണ്ണൂര്‍: യുവ വൈദികൻ ഫാദര്‍ സിറില്‍ തോമസ് കുറ്റിക്കല്‍ (37) നിര്യാതനായി. കപ്പൂച്ചിൻ സഭയുടെ കണ്ണൂര്‍ പാവനാത്മ പ്രൊവിൻസിലെ വൈദികനായിരുന്നു.
പാവനാത്മാ കപ്പൂച്ചിന്‍ പ്രൊവിന്‍സ് അംഗമായ ഫാ. സിറില്‍ 2015 നവംബറിലാണ് വൈദികപട്ടം സ്വീകരിച്ചത്. മാനന്തവാടി രൂപതയിലെ കുഞ്ഞോം ഇടവകയില്‍ സഹവികാരി, പയ്യന്നൂര്‍ അമലഗിരി സെമിനാരിയിലെ അധ്യാപകന്‍, കണ്ണൂര്‍ പാവനാത്മാ കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യലേറ്റില്‍ വൊക്കേഷന്‍ പ്രൊമോട്ടര്‍, ഗുജറാത്തിലെ രാജ്‌കോട്ടില്‍ പവിത്രാത്മാ മിഷനില്‍ മിഷനറി എന്നീ നിലകളില്‍ ശുശ്രൂഷകള്‍ ചെയ്തിട്ടുണ്ട്.
റോമിലെ അന്തോണിയാനം യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനിടെ രോഗബാധിതനായി 2022-ല്‍ നാട്ടിലെത്തുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
മൃതദേഹം ബുധനാഴ്ച ഉച്ചവരെ കോഴിക്കോട് കുണ്ടായിത്തോട് സെന്‍റ് ആൻ്റണീസ് ആശ്രമ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം കപ്പുച്ചിൻ സഭയുടെ കണ്ണൂര്‍ ഇരിട്ടി പട്ടാരത്തുള്ള വിമലഗിരി ആശ്രമത്തിലേക്ക് കൊണ്ടുപോകുകയും വ്യാഴാഴ്ച (18ന്) രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകള്‍ നടത്തുകയും ചെയ്യും. മണിമൂളി കുറ്റിക്കല്‍ തോമസിൻ്റെയും മോഹിനിയുടെയും മകനാണ്. സഹോദരൻ അഗസ്റ്റിൻ തോമസ്, സഹോദര ഭാര്യ എലിസബത്ത് അഗസ്റ്റിൻ.
Post a Comment