ആലക്കോട് പാലം: അപകട സാധ്യതയ്ക്ക് പരിഹാരം കാണണം

ആലക്കോട്: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആലക്കോട് പാലത്തിന്‍റെ നിർമാണം പൂർത്തിയായെങ്കിലും സമീപ പ്രദേശവാസികള്‍ ആശങ്കയിലാണ്.
പാലത്തിന് ഇരുഭാഗത്തേക്കുമുള്ള റോഡ് മെക്കാഡം ടാറിംഗ് നടത്തി ഉയർത്തിയതോടെ പുതിയ പാലം കുഴിയിലായി. പള്ളി മുതല്‍ പാലം വരെയുള്ള ഭാഗത്തെ വളവും കുത്തനെയുള്ള ഇറക്കവും ജനങ്ങളെ ഭീതിയിലാക്കുന്നു.

പുതിയപാലം നിർമിച്ചപ്പോള്‍ വേണ്ടത്ര ഉയരം ഇല്ലാതെ പോയതാണ് കുത്തനെയുള്ള ഇറക്കത്തിന് കാരണമായത്. പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ആലക്കോട് തമ്ബുരാൻ പി.ആർ. രാമവർമ രാജയുടെ നേതൃത്വത്തില്‍ നിർമിച്ച പാലത്തിനെക്കാള്‍ താഴെയാണ് മലയോര ഹൈവേ കടന്നു പോകുന്ന പുതിയ പാലം. പാലത്തിന്‍റെ മെക്കാഡം റോഡില്‍നിന്ന് സമീപത്തേക്കുള്ള റോഡുകളിലേക്ക് കുത്തനെ ഉണ്ടായ ഉയരം വാഹന കാല്‍നടയാത്രക്കാർ ബുദ്ധിമുട്ടാവുകയാണ്.

റോഡില്‍നിന്ന് പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്ത് റോഡ് കുത്തനെയുള്ള കയറ്റമായതിനാല്‍ പ്രധാന റോഡിലേക്ക് കയറുമ്ബോള്‍ ഇരു ദിശയിലൂടെ വാഹനങ്ങള്‍ വരുന്നതും റോഡിന്‍റെ ഇരുവശവും കാണാൻ പറ്റാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. പഴയപാലത്തിനു പകരം വീതിയുള്ള പാലം വന്നതോടെ പ്രധാന റോഡില്‍ വാഹനങ്ങള്‍ അമിത വേഗത്തിലാണ് വരുന്നത്. 

പാലത്തോട് ചേർന്നു തന്നെ സ്കൂളുകകളും കോളജും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന തിരക്കേറിയ പ്രദേശമായതിനാല്‍ ഇവിടെ അപകട സാധ്യത മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചും, ഇരുട്ടിന് പരിഹാരമായി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചും, പാലത്തോട് ചേർന്നുള്ള അനുബന്ധ റോഡുകള്‍ നിരപ്പുള്ള നിലയില്‍ പണിത് ടാറിംഗ് നടത്തിയും പാലം ഉദ്ഘാടനത്തിന് മുമ്ബ് തന്നെ പൊതുമരാമത്ത് ഇടപെട്ട് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post