കണ്ണൂർ: മൊബൈല്‍ ആപ്പ് വഴി ലോണ്‍ എടുത്ത യുവാവ് തുക മുഴുവനായും തിരിച്ചടച്ചിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്ന പരാതി കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചു.
സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി അശ്ലീലമായി മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
തുടർന്നാണ് യുവാവ് നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടല്‍ വഴി പരാതി നല്‍കിയത്. ഓണ്‍ലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ബാങ്കുകളിലുള്ള അധികം നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്ബത്തിക തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വൻതുക തിരിച്ചടച്ചാലും നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള സന്ദർഭങ്ങളില്‍, കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള പോർട്ടലില്‍ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്തുക. 1930 എന്ന സൈബർ ഹെല്‍പ് ലൈൻ നമ്ബറില്‍ വിവരമറിയിക്കുക. അല്ലെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക.
ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് കുറവില്ല
നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടല്‍ വഴി കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം കൂടുകയാണ്. ഓരോ ദിവസവും പല രീതിയിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വാട്ട്സ്‌ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതാണ്.
സഹോദരന്റെ ഫോട്ടോ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വാട്ട്സ്‌ആപ്പ് അക്കൗണ്ട് ഉപയോഗിച്ച് പരാതിക്കാരിയുടെ കൈയില്‍ നിന്നും 14000 രൂപ ഓണ്‍ലൈൻ വഴി തട്ടിയെടുത്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം പരാതി ലഭിച്ചു. സഹോദരൻ ആണെന്ന വ്യാജേന പരാതിക്കാരിയെ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.
മറ്റൊരു പരാതിയില്‍ മകൻ മൊബൈലില്‍ സൗജന്യ ഫയർ ഗെയിം ഡൗണ്‍ലോഡ് ചെയ്ത് കളിച്ചതിനെ തുടർന്ന് പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് 20767 രൂപ നഷ്ടമാവുകയായിരുന്നു. ഇരുപരാതികളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment