തളിപ്പറമ്പ് സ്വദേശിയായ തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ പെരുവണ്ണാന് പത്മശ്രി പുരസ്‌കാരം

കണ്ണൂര്‍:  തളിപ്പറമ്പ് സ്വദേശിയായ തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ പെരുവണ്ണാനെ (66) രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.


തളിപ്പറമ്ബ് പാലകുളങ്ങര സ്വദേശിയാണ്. പനക്കാട്ട് ഒതേന പെരുവണ്ണാന്റെയും മാമ്ബയില്‍ പാഞ്ചുവിന്റെയും മകനായി ജനിച്ച ഇദ്ദേഹം നാലാം വയസില്‍ അമ്മയുടെ ചെറുജന്മാവകാശത്തിലുള്ള തൃച്ചംബരം പാലകുളങ്ങര ഭാഗങ്ങളില്‍ ആടിവേടന്‍ കെട്ടിയാടിയാണ് തെയ്യം കലാരംഗത്തേക്ക് കടന്നു വരുന്നത്.


പിതാവിന്റെ ജന്മാവകാശത്തിലുള്ള കരിമ്ബം കുണ്ടത്തിന്‍ കാവിന്റെ അധീനതയിലുള്ള പനക്കാട് ചെറുവലില്‍ പാടാര്‍ കുളങ്ങര വീരന്‍ കെട്ടിയാടിയതോടെ തെയ്യാട്ടം രംഗത്ത് ശ്രദ്ധേയനായി. പനക്കാട് ഒതേന പെരുവണ്ണാന്‍, ചുഴലി ചിണ്ട പെരുവണ്ണാന്‍, അഴിക്കോട് കൃഷ്ണന്‍ പെരുവണ്ണാന്‍ എന്നിവരാണ് ഗുരുനാഥന്‍മാര്‍. കളരി അഭ്യാസം, തോറ്റം പാട്ട് ,മുഖത്തെഴുത്ത് അണിയലം നിര്‍മാണം, വാദ്യം എന്നിവയും അഭ്യസിച്ചിട്ടുണ്ട്.

തെയ്യാട്ട ഭൂമികയായ കോലസ്വരൂപം, ചുഴലി സ്വരൂപം പ്രാട്ടറ സ്വരൂപം എന്നിവിടങ്ങളിലെയും അനേകം കാവുകളിലും തറവാടുകളിലും പള്ളിയറകളിലും കോലങ്ങള്‍ കെട്ടിയാടി. നൂറോളം കാവുകളില്‍ തെയ്യാട്ടക്കാലത്ത് വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടി വിശ്വാസികളുടെ മനസില്‍ ഇടം നേടിയ കലാകാരനാണ് ഇ പി നാരായണന്‍ പെരുവണ്ണാന്‍.

2009 ലെ കേരള ഫോക്ലോര്‍ അകാഡമി ഗുരു പുജ പുരസ്‌കാരം, ഉത്തരമലബാര്‍ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതി പുരസ്‌കാരം, 2018 ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള ഫോക്ലോര്‍ അകാഡമി ഫെലോഷിപ് തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

രാജ്യം പദ്മ പുരസ്‌കാരം നല്കി ആദരിച്ച തെയ്യക്കോലധാരി പദ്മശ്രീ ഇ പി. നാരായണ പെരുവണ്ണാനെ വളപട്ടണം മുച്ചിലോട്ട് കാവില്‍ വച്ച്‌ സി എം എസ് ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടര്‍ ഡോ. സഞ്ജീവന്‍ അഴീക്കോട് പുരസ്‌കാരം നല്‍കി ആദരിച്ചു.

Post a Comment

Previous Post Next Post