രാഷ്‌ട്രതാരങ്ങളായി സെന്‍റ് തെരേസാസ് ബാൻഡ് ടീം;ദേശീയ സ്കൂള്‍ ബാൻഡ് മത്സരത്തില്‍ ഒന്നാം സ്ഥാനം



കണ്ണൂർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നടന്ന ദേശീയ സ്കൂള്‍ ബാൻഡ് മത്സരത്തില്‍ പെണ്‍കുട്ടികളുടെ ബ്രാസ് ബാൻഡ് ഇനത്തില്‍ കണ്ണൂർ സെന്‍റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം.
മിനിസ്ട്രി ഓഫ് ഡിഫൻസും മിനിസ്ട്രി ഓഫ് എഡ്യുക്കേഷനും ചേർന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സ്കൂള്‍തലമത്സരത്തിലാണ് കിരീടം. ഫൈനലില്‍ 16 സംസ്ഥാനങ്ങളിലെ ടീമുകളുമായിട്ടായിരുന്നു മാറ്റുരച്ചത്. ദക്ഷിണേന്ത്യയില്‍നിന്നുള്ള ഏക ടീമായിരുന്നു ഇവർ. 

ഇതിനു മുന്നോടിയായി നടന്ന സോണല്‍ മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും ഇവർ തന്നെയായിരുന്നു ജേതാക്കള്‍. അന്ന മരിയ ജോഷി നയിച്ച 31 അംഗ ടീമാണ് വിജയം കൊയ്തത്.

ബാൻഡ് സംഘത്തോടൊപ്പം ബാൻഡ് അധ്യാപിക ഇൻചാർജ് സാമന്ത, സിസ്റ്റർ ജീവ, പ്രധാന അധ്യാപിക സിസ്റ്റർ റോഷ്‌നി ഇമ്മാനുവേല്‍, പ്രിൻസിപ്പല്‍ വിനയ റോസ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post