അനധികൃതമായി കടത്താൻ ശ്രമിച്ച 5800 ലിറ്റര്‍ ഡീസല്‍ പിടികൂടി



കണ്ണൂര്‍:പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്ബില്‍ നിന്നും അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്താൻ ശ്രമിച്ച 5800 ലിറ്റര്‍ ഡീസല്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വിഭാഗം പള്ളൂര്‍ പോലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടി.


ടിപ്പര്‍ ലോറിയില്‍ പ്രത്യേക രീതിയില്‍ സജ്ജീകരിച്ച 1000 ലിറ്ററിന്റെ മൂന്ന് വലിയ സ്‌ക്വയര്‍ ബാരലിലും 200 ലിറ്ററിന്റെ 14 വലിയ പ്ലാസ്റ്റിക് കാനിലുമായാണ് ഡീസല്‍ കടത്താൻ ശ്രമിച്ചത്. വാഹനത്തെ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി ചൊക്ലി സ്റ്റേഷൻ അതിര്‍ത്തിക്ക് സമീപം പള്ളൂര്‍ സ്റ്റേഷന്റെ പരിധിയിലുള്ള ഒഴിഞ്ഞ പറമ്ബില്‍ വാഹനം ഓടിച്ചു കയറ്റി ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും വാഹനം ഉപേക്ഷിച്ച്‌ ഓടിക്ഷപെട്ടു. തുടര്‍ന്ന് പള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിക്കുയും വാഹനവും ഡീസലും കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്രതികള്‍ക്കായി പള്ളൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.


പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മൂലക്കടവ് പള്ളൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പമ്ബുകളില്‍ നിന്നും രാത്രി കാലങ്ങളിലും പുലര്‍ച്ചെയും ഡീസല്‍ അനധികൃതമായി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് നികുതി വെട്ടിച്ച്‌ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പോലീസിന്റെ രഹസ്യ അന്വേഷണ വിഭാഗം ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.



Post a Comment

Previous Post Next Post