എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാര്‍; ജാമ്യത്തിന് പ്രദേശവാസി വേണമെന്ന നിബന്ധനവേണ്ടാ -ഹൈക്കോടതി

കൊച്ചി: എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണെന്നും ജാമ്യം നില്‍ക്കാൻ കേസ് പരിഗണിക്കുന്ന കോടതിയുടെ പരിധിയില്‍ താമസിക്കുന്നയാള്‍തന്നെ വേണമെന്ന നിബന്ധനവെക്കാനാകില്ലെന്നും ഹൈക്കോടതി.
മയക്കുമരുന്ന് കേസില്‍ പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശിക്ക്‌ ജാമ്യക്കാരനായി ഇടുക്കി ജില്ലയില്‍ താമസക്കാരനായ ഒരാള്‍ വേണമെന്നതടക്കമുള്ള തൊടുപുഴ എൻ.ഡി.പി.എസ്. പ്രത്യേക കോടതിയുടെ വ്യവസ്ഥയില്‍ ഭേദഗതിവരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. പൈഡിമാരി വെങ്കടസുബ്ബറാവു എഴുതിയ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണെന്ന ദേശീയപ്രതിജ്ഞയിലെ വാക്യവും ഉള്‍പ്പെടുത്തിയാണ് കീഴ്‌ക്കോടതി ഉത്തരവില്‍ ഭേദഗതിവരുത്തിയത്.

ജാമ്യം അനുവദിക്കാൻ ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും തുടരുകയാണ്. കേരളത്തില്‍നിന്നുള്ള ഒരാള്‍ നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ പ്രതിയായാല്‍ അവിടെനിന്ന് ജാമ്യക്കാരനെ കിട്ടാൻ പെടാപ്പാടായിരിക്കും. ഇതുതന്നെയാണ് ഇവിടെ പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശിയുടെയും അവസ്ഥയെന്ന് കോടതി പറഞ്ഞു.

അയല്‍സംസ്ഥാനത്തുനിന്നുള്ള ജാമ്യക്കാരാണെങ്കില്‍ പ്രതി വീണ്ടും കോടതിയില്‍ ഹാജരാകാനുള്ള സാധ്യത കുറവാണെന്നത് കണക്കിലെടുത്തായിരിക്കും ഇത്തരമൊരു വ്യവസ്ഥ കീഴ്‌ക്കോടതി വെച്ചത്. ജാമ്യക്കാരന്റെ കൃത്യമായ മേല്‍വിലാസം, ഫോണ്‍ നമ്ബര്‍, പ്രാദേശിക പോലീസ് സ്‌റ്റേഷൻ ഏത് എന്നതൊക്കെ രേഖപ്പെടുത്തിയാല്‍ ഇതിന് പരിഹാരം കാണാനാകും എന്നും കോടതി അഭിപ്രായപ്പെട്ടു.

ഹര്‍ജിക്കാരന് 2020-ല്‍ ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ഈ വര്‍ഷം ജൂലായില്‍ വീണ്ടും ജയിലിലായി. തുടര്‍ന്നനുവദിച്ച ജാമ്യത്തിനാണ് ഇടുക്കി ജില്ലയിലെ താമസക്കാരൻ വേണമെന്നും രണ്ടുലക്ഷം രൂപയുടെ ബോണ്ട് വേണമെന്നുമുള്ള നിബന്ധനവെച്ചത്. ഇതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post