കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രൻ അന്തരിച്ച സഹചര്യത്തിലാണ് പാര്‍ട്ടി ചുമതല ബിനോയ് വിശ്വത്തിന് കൈമാറിയത്.
ഡി. രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ എക്സിക്യൂട്ടീവിലാണ് തീരുമാനം. 28 ന് സംസ്ഥാന കൗണ്‍സില്‍ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നല്‍കുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭ എം.പിയായ ബിനോയ് വിശ്വത്തിന്റെ കാലാവധി ആറുമാസത്തിനകം പൂര്‍ത്തിയാകും. കാനത്തിന്റെ ആരോഗ്യവാസ്ഥ മോശമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ സംസ്ക്കാര ചടങ്ങിനെത്തിയിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരും കാനത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാൻ എത്തിച്ചേര്‍ന്നു.

Post a Comment