സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോള്‍ പമ്പുകൾ അടച്ചിടും

സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോള്‍ പമ്ബുകള്‍ അടച്ചിട്ട് സൂചനാ സമരവുമായി സ്വകാര്യ പെട്രോള്‍ പമ്ബുടമകള്‍.


ആള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് പെട്രോള്‍ പമ്ബുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പമ്ബുടമകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച്‌ പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്ബുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്‌, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെഎസ്‌ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സുള്ളത്. 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് കെഎസ്‌ആര്‍ടിസി അറിയിച്ചത്.

Post a Comment

Previous Post Next Post