നാലുവയസ്സുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്തുഞെരിച്ച്‌ കൊന്നു; യുവതി പരിക്കുകളോടെ ആശുപത്രിയില്‍


 പാലക്കാട്: കൊഴിഞ്ഞാമ്ബാറ വണ്ണാമടയില്‍ നാലുവയസ്സുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി.

വണ്ണാമട തുളസിനഗറില്‍ മധുസൂദനൻ-ആതിര ദമ്ബതിമാരുടെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. മധുസൂദനന്റെ ജ്യേഷ്ഠൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ (29) ആയുധം ഉപയോഗിച്ച്‌ സ്വയം മുറിവേല്‍പ്പിച്ച പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നെന്ന് കൊഴിഞ്ഞാമ്ബാറ പോലീസ് പറഞ്ഞു. 

തിങ്കളാഴ്ച രാത്രിയാണ് സംഭവം. മധുസൂദനന് ഡല്‍ഹിയിലാണ് ജോലി. ബാലകൃഷ്ണന്റെ അമ്മ പദ്‌മാവതിക്ക് സുഖമില്ലാത്തതിനെത്തുടര്‍ന്ന് അച്ഛൻ രവിയും ബാലകൃഷ്ണനും മധുസൂദനന്റെ ഭാര്യ ആതിരയുമടക്കം എല്ലാവരും സമീപത്തെ ആശുപത്രിയില്‍ പോയി. ഉറക്കംവന്നതിനെത്തുടര്‍ന്ന് ഋത്വികിനെയും ബാലകൃഷ്ണന്റെ മകള്‍ വൈഗയെയും തിരിച്ച്‌ വീട്ടില്‍കൊണ്ടാക്കി. ഇവരോടൊപ്പം ദീപ്തി ദാസിനെയും വീട്ടിലിരുത്തി. 

ആശുപത്രിയില്‍ പോയവര്‍ രാത്രി പത്തുകഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വാതിലില്‍ തട്ടിയിട്ടും തുറന്നില്ല. ഇതിനിടെ, പെണ്‍കുട്ടി എങ്ങനെയോ വീടിന്റെ പിന്നിലെ വാതില്‍ തുറന്നു. അകത്ത് ഋത്വിക് അനക്കമില്ലാതെ കിടക്കുന്നതാണ് വന്നവര്‍ കണ്ടത്. സമീപത്ത് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു ദീപ്തി ദാസ്. ഉടനെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. പരിക്കേറ്റ ദീപ്തി ദാസിനെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

സംഭവമറിഞ്ഞ് കൊഴിഞ്ഞാമ്ബാറ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. കരുവപ്പാറ സെയ്‌ൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ കെ.ജി. വിദ്യാര്‍ഥിയാണ് ഋത്വിക്.

Post a Comment

Previous Post Next Post