കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ നിര്‍മിച്ച ഷീ ലോഡ്ജ് ഇന്നു രാവിലെ 10ന് മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ കെട്ടിടത്തിനും ഫര്‍ണിച്ചര്‍, ലിഫ്റ്റ് എന്നിവയ്ക്ക് 29 ലക്ഷവും കൂടി ആകെ ഒരുകോടിയിലധികം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിര്‍മിച്ചിരിക്കുന്നത്.
തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ഇത് ഏറെ ഗുണകരമാകും. നാലുനിലകളുള്ള കെട്ടിടത്തില്‍ മൂന്നു നിലകളില്‍ ഡോര്‍മെറ്ററി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 336 സ്ക്വയര്‍ മീറ്ററാണ് കെട്ടിടത്തിന്‍റെ വിസ്തീര്‍ണം. 45 ബെഡുകളാണുള്ളത്. ഇതില്‍ 10 എണ്ണം രാത്രികാലങ്ങളില്‍ പെട്ടെന്ന് നഗരത്തില്‍ എത്തിച്ചേരുന്നവര്‍ക്കായി മാറ്റിവയ്ക്കും. ബാക്കി മാസവാടകയ്ക്കു നല്‍കും.
200 രൂപയാണു ദിവസവാടക. ഭക്ഷണമുള്‍പ്പെടെ 8,000 രൂപയാണു മാസവാടക. മേയര്‍ ചെയര്‍മാനായും ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കിംഗ് ചെയര്‍മാനായും കോര്‍പറേഷന്‍ സെക്രട്ടറി കണ്‍വീനറുമായി 18 അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് ഇതിന്‍റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക. നാലാമത്തെ നില വനിതകള്‍ക്കുള്ള ഫിറ്റ്നസ് സെന്‍ററിനുവേണ്ടിയാണു സജ്ജമാക്കുക. ഇതിന്‍റെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഉടൻ തന്നെ അതും പ്രവര്‍ത്തനം ആരംഭിക്കും.
Post a Comment