വയത്തൂരില്‍ കടുവയെ കണ്ടതായി തൊഴിലാളികള്‍

 


ഉളിക്കല്‍: വയത്തൂരില്‍ കടുവയെ കണ്ടതായി തൊഴിലാളികള്‍. വയത്തൂര്‍ അമ്ബലത്തിന് സമീപമുള്ള കശുമാവിന്‍ തോട്ടത്തില്‍ കാട് വെട്ടിതെളിക്കുന്നതിനിടയില്‍ കടുവയെ കണ്ടതായാണ് തൊഴിലാളികള്‍ പറയുന്നത്.


വിവരം അറിഞ്ഞ വനംവകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യാവൂര്‍ സ്വദേശി സഹജന്‍റെ കശുമാവിൻ തോട്ടത്തിലെ കാട് വെട്ടിത്തലിക്കുന്നതിനിട യിലാണ് വയത്തൂര്‍ സ്വദേശി സജി ഒരു ജീവിയെ കാണുന്നത്. 


ആദ്യം കാട്ടുപന്നിയാണെന്ന് ധരിച്ച്‌ സജി തന്‍റെ സുഹൃത്തുക്കളായ ചന്ദ്രൻ, ഗംഗാധരൻ എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു. അവരെത്തി നിരീക്ഷിച്ചപ്പോഴാണ് കടുവയാണെന്ന് മനസിലായത്. അതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഷാജി ഉള്‍പ്പെടെ പഞ്ചായത്ത് അധികൃതരും ഉളിക്കല്‍ ഇൻസ്പെക്ടര്‍ സുധീറിന്‍റെ നേതൃത്വത്തില്‍ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. 


എന്നാല്‍ ഈ മേഖലയില്‍ നിന്നും കടുവയുടെ കാല്‍പ്പാടോ മറ്റോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനാതിര്‍ത്തിയില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ ഉള്ളില്‍ ജനവാസ മേഖലയിലുള്ള സ്ഥലമാണിത്. മാസങ്ങള്‍ക്ക് മുന്പ് ആന ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഒരാളെ കൊല്ലുകയും ചെയ്തശേഷം വീണ്ടും ഒരു വന്യ മൃഗത്തിന്‍റെ സാന്നിധ്യം ജനങ്ങളില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. വനപാലകരുടെ നേതൃത്വത്തില്‍ രാത്രിയിലും നിരീക്ഷണം ശക്തമാക്കി.

Post a Comment

Previous Post Next Post