ഡല്‍ഹി: 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ നാല് പേര്‍ പിടിയില്‍. ഐസിഎംആര്‍ ഡാറ്റാ ബേസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ പ്രതികളെ ഡല്‍ഹി പൊലീസാണ് പിടികൂടിയത്.
ഒക്ടോബറില്‍ ഇന്ത്യയുടെ ഡാറ്റ ബേസില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് അമേരിക്കൻ ഏജൻസി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്നു അധികൃതര്‍. തുടര്‍ന്ന് ഈ മാസം ആദ്യം ഡല്‍ഹി പോലീസിന്റെ സൈബര്‍ വിങ് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ വിവരങ്ങളും ചോര്‍ത്തിയെന്ന് പ്രതികള്‍ മൊഴി നല്‍കി. ഒഡീഷ സ്വദേശിയായ ഒരാളും രണ്ടു ഹരിയാന സ്വദേശികളും ഒരു യുപി സ്വദേശിയുമാണ് പിടിയിലായത്. പിടിയിലായ ഒഡീഷ സ്വദേശി ബി. ടെക് ബിരുദദാരിയാണ്.
81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കിയിരുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിതെന്നും സാങ്കേതിക രംഗത്തുള്ളവര്‍ വിശേഷിപ്പിച്ചു.
ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെ പരിചയപ്പെട്ട ഇവര്‍ പെട്ടെന്ന് പണം സമ്ബാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസിഎംആര്‍ ഡാറ്റ ചോര്‍ത്തിയത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐ, പാക് സിഎൻഐസി തുടങ്ങിയവയുടെ വിവരങ്ങളും ഇവര്‍ ചോര്‍ത്തിയതായാണ് വിവരം.
ഇവര്‍ ഡല്‍ഹി പോലീസ് കസ്റ്റഡിയിലാണുള്ളത്. കേന്ദ്ര അന്വേഷണ ഏജൻസികളും ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Post a Comment