കണ്ണൂര്‍:മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഗ്രേഡിംഗ് നല്‍കുന്നത് ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും.തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനതല ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. പരിശോധനയില്‍ 50 ശതമാനത്തില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അപാകതകള്‍ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് നോട്ടീസ് അയക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കോര്‍പ്പറേഷനുകള്‍, മിഷനുകള്‍, അതോറിറ്റികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവയിലാണ് പരിശോധന നടത്തുക.
പരിശോധനയിലൂടെ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് നല്‍കുന്നതിന് യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലയിലെ 26 വളണ്ടിയര്‍മാര്‍, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍, യങ് പ്രൊഫഷണല്‍മാര്‍, കിലയുടെ തീമാറ്റിക് എക്സ്പേര്‍ട്ടുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ടീമുകള്‍ രൂപീകരിക്കും.

Post a Comment