രാജ്യത്തെ റോഡപകടങ്ങളില്‍ വൻ വര്‍ധന: മരണസംഖ്യയും ഉയര്‍ന്നു, പ്രധാന കാരണം അമിതവേഗത

ഡല്‍ഹി: രാജ്യത്തെ റോഡ് അപകടങ്ങളുടെ കണക്കില്‍ വൻവര്‍ധന. കോവിഡ് ലോക്ഡൗണ്‍ കാലത്തെ ഇടിവിനുശേഷം 2022-ല്‍ ഇന്ത്യയിലെ വാഹനാപകടങ്ങള്‍ 11.9% വര്‍ധിച്ചതായികേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.


2005-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷം 4,61,312 വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്. റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട റോഡ് ആക്സിഡന്റ്സ് ഇൻ ഇന്ത്യ 2022- റിപ്പോര്‍ട്ടിലേതാണ് കണക്കുകള്‍. 

വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 9.4% വര്‍ധിച്ച്‌ 168,491 ഉം, പരിക്കേറ്റവരുടെ എണ്ണം 15.3% വര്‍ധിച്ച്‌ 443,366- ഉം ആയി. പത്ത് ലക്ഷത്തില്‍ 122 പേരാണ് കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 1970-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 2019, 2020, 2021 എന്നീ വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 121, 104, 113 എന്നിങ്ങനെയായിരുന്നു.

21 വലിയ സംസ്ഥാനങ്ങളില്‍ തമിഴ്നാട്, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ബിഹാര്‍, അസ്സം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ്. 

അമിത വേഗതയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. 72% അപകടങ്ങളും, 71% മരണങ്ങളും ഇങ്ങനെ സംഭവിച്ചതാണ്. തെറ്റായ ദിശയില്‍ വാഹനം ഓടിക്കുക, മദ്യപിച്ച്‌ വാഹനം ഓടിക്കുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് മറ്റു കാരണങ്ങള്‍.

2022ല്‍ ഹെല്‍മറ്റ് ധരിക്കാത്ത ബൈക്കപകടങ്ങളില്‍ 50,029 പേര്‍ മരിച്ചു. അതില്‍ 35,692 (71.3%) ആളുകള്‍ ബൈക്ക് ഓടിച്ചവരാണ്. 14,337 (28.7%) പേര്‍ യാത്രികരുമാണ്.

Post a Comment

Previous Post Next Post