ഇത് പാമ്പുകളുടെ ഇണചേരൽ കാലം: മുന്നറിയിപ്പ് നല്‍കി വനം വകുപ്പ്, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാൽ സൂക്ഷിക്കണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്.

ഇണചേരൽ കാലത്താണ് കൂടുതലായി പുറത്തിറങ്ങുക എന്ന് മാത്രമല്ല പതിവിലധികം അക്രമസ്വഭാവവും ഉണ്ടാവും. വെള്ളിക്കെട്ടൻ, അണലി, മൂർഖൻ എന്നിവയെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. അണലി ഈ സമയത്ത് പകലും ഇറങ്ങും.

പെൺപാമ്പുകളുടെ ഫിറോമോണിൽ ആകൃഷ്ടരായി ആൺപാമ്പുകൾ അവയെ തേടിയിറങ്ങും. വീടിനോട് ചേർന്നുള്ള പൊത്തുകളിൽ പെൺ പാമ്പുകളുണ്ടെങ്കിൽ ഇങ്ങനെ അവയെത്തേടി പലയിടത്ത് നിന്നും ആൺ പാമ്പുകൾ എത്തിച്ചേരുകയും ഇണചേരൽ അവകാശത്തിനുള്ള പോരും നടക്കും.

ഇപ്പോൾ ഒരു പാമ്പിനെ കാണുന്നിടത്ത് ഒന്നിലധികം പാമ്പുകൾക്ക് സാധ്യതയുണ്ട്. കേരളത്തിൽ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. പത്തിൽ താഴെ ഇനങ്ങൾക്ക് മാത്രമേ മനുഷ്യന് അപകടകരമാകാവുന്ന തരത്തിൽ ഉഗ്ര വിഷമുള്ളൂ.

മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവയിൽ നിന്നാണ് കൂടുതലും കടി ഏൽക്കുന്നത്. വുൾഫ് സ്നേക്ക് എന്ന വിഷമില്ലാത്ത പാമ്പും കൂടുതലായി കാണപ്പെടുന്നുണ്ട്.

*ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം*
▫️കെട്ടിടത്തിന്റെ ഉൾഭാഗവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകൾ നീക്കുക.

കെട്ടിടങ്ങൾക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ്‌വസ്തുക്കൾ എന്നിവ അലക്ഷ്യമായി കൂട്ടിയിടരുത്.

▫️വീടിന് പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക.

▫️ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്കരിക്കുക.

▫️കെട്ടിടത്തിന് മുകളിലേക്ക് വളർന്ന് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കുക, വീടിന് മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്ത വിധം വെട്ടുക.

▫️ഡ്രെയ്‌നേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം, തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.

▫️കെട്ടിടത്തിന്റെ മുൻ, പിൻ വാതിലുകളുടെ താഴെ വിടവില്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം. കട്ടിളയിൽ ചുവടുപടി ഇല്ലെങ്കിൽ മാറ്റ് ഉപയോഗിച്ച് വിടവ് നികത്താം.

▫️രാത്രികളിൽ വീടിന്റെ മുറ്റമുൾപ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക.

▫️വീടിന് പുറത്തുവെച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ സൂക്ഷിക്കുക.

▫️വീടിന് മുന്നിലെ ചെടിച്ചട്ടികൾ ശ്രദ്ധിക്കുക. ചെറിയ പാമ്പുകൾ ചെടിച്ചട്ടിക്ക് കീഴിൽ ചുരുണ്ട് കൂടാം.

▫️വീട്ടിൽ പൂച്ചയോ നായയോ ഉണ്ടെങ്കിൽ അവ പുറത്ത് നിന്നും പാമ്പുകളെ പിടികൂടി വീടിനുള്ളിൽ എത്തിക്കാൻ സാധ്യത ഏറെയാണ്.

▪️➖➖➖➖➖➖➖▪️
         𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
   _Informative Group Of network_
     *www.malayoramnews.in*

_https://chat.whatsapp.com/DU8PGZQWlM3KUTIugRbp5b_

Post a Comment

Previous Post Next Post