തളിപ്പറമ്പ്: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് കണ്ണൂരില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്ബില്‍ എം.വി ഗോവിന്ദൻ എം.എല്‍.എ നിര്‍വഹിച്ചു.
നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം തുടങ്ങി പത്ത് ജില്ലകളില്‍ പദ്ധതി നടപ്പാക്കി വരുന്നു. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എം.എല്‍.എ പറഞ്ഞു. ആദ്യഘട്ടത്തില്‍ 18 ഫാമുകളാണ് പദ്ധതിയുടെ ഭാഗമാവാൻ താല്പര്യം പ്രകടിപ്പിച്ചത്.
കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ 50% ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. മൃഗസംരക്ഷണ വകുപ്പും കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായും സംയോജിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.
തളിപ്പറമ്പ് മെട്ടമ്മല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാൻ കല്ലിങ്കീല്‍ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് പദ്ധതിക്കായി ചിക്കൻ നല്‍കുന്നതിന് പ്രിയം ചിക്കൻ ഫാം പടിയൂര്‍ ഉടമസ്ഥ പങ്കജാക്ഷിയില്‍ നിന്നുള്ള എഗ്രിമെന്റ് എം.എല്‍.എ, കെ.ബി.എഫ്.പി.സി.എല്‍ കമ്ബനി അധികൃതര്‍ക്ക് കൈമാറി. കമ്ബനി മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. അഗിൻ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി ശ്രീമതി (പട്ടുവം), ജോജി ജോസഫ് (ആലക്കോട്), നഗരസഭ കൗണ്‍സിലര്‍ കെ.എൻ ലത്തീഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓര്‍ഡിനേറ്റര്‍ പി.ഒ ദീപ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാജി നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment