എറണാകുളം : കാക്കനാട് ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. കോട്ടയം സ്വദേശി രാഹുല്‍ ആര്‍ നായറിനാണ് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്.
രാഹുലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ഷവര്‍മ കഴിച്ചത്. അന്നുമുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയതായി സുഹൃത്തുക്കള്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
ഡയാലിസിസ് തുടരുന്ന രാഹുല്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടറോട് യുവാവ് നല്‍കിയ മൊഴി പ്രകാരം ഷവര്‍മ കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞു.
ആശുപത്രിയില്‍ നിന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പിന്റെ ജീവനക്കാരോട് അടിയന്തരമായി എത്തിച്ചേരാൻ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുവാവിന്റെ പരാതിയില്‍ ഷവര്‍മ വിറ്റ ഹോട്ടല്‍ അടച്ചുപൂട്ടാൻ തൃക്കാക്കര നഗരസഭ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി സാമ്ബിളുകള്‍ ലാബിലേക്ക് അയച്ചു. ഹോട്ടലില്‍ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വിഷയത്തില്‍ ആരോഗ്യമന്ത്രി ഡിഎച്ച്‌എസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവര്‍മയോടൊപ്പം വിതരണം ചെയ്‌തോ എന്നടക്കമുള്ള കാര്യങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിക്കും.

Post a Comment