നടുവില്‍ പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലൂടെയാണ് കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈൻ കടന്നുപോകുന്നത്. ഇവിടെ 16 ടവറുകള്‍ സ്ഥാപിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പൊട്ടംപ്ലാവ്, കനകക്കുന്ന്, പാത്തൻപാറ തുടങ്ങിയ വാര്‍ഡുകളിലൂടെയാണ് ലൈൻ കടന്നുപോകുക. കനകക്കുന്ന് ഒഴികെ പൊട്ടംപ്ലാവിലും പാത്തൻപാറയിലും ജനവാസ കേന്ദ്രങ്ങളിലൂടെയാണ് വൈദ്യുതലൈൻ പോകുന്നതെന്ന് പഞ്ചായത്ത് മെംബര്‍മാരായ അലക്സ് ചുനിയൻമാക്കലും സെബാസ്റ്റ്യൻ രാജു വിലങ്ങോലിയും പറയുന്നു.
കനകക്കുന്ന് മാത്രമാണ് കുറച്ചെങ്കിലും ജനവാസം കുറവെന്ന് മെംബറായ സാജു ജോസഫ് പറഞ്ഞു. എന്നിരുന്നാലും ഇവിടെ കൃഷിയിടങ്ങളുണ്ട്. ടവറിന്‍റെ സ്ഥലങ്ങള്‍ മാത്രമാണ് ഏകദേശം അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, വൈദ്യുത ലൈൻ കടന്നുപോകുന്ന സ്ഥലങ്ങള്‍ അടയാളപ്പെടുത്തുകയോ അളന്ന് തിട്ടപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ടവറിന് എട്ട് സെന്‍റ് സ്ഥലം
ഒരു ടവര്‍ നിര്‍മിക്കാൻ ഏകദേശം എട്ടു സെന്‍റ് സ്ഥലം വേണ്ടിവരുമെന്നാണ് സ്ഥലം ഉടമകള്‍ക്ക് കിട്ടിയിരിക്കുന്ന വിവരം. ഡിസൈൻ ചെയ്യുന്നതിനനുസരിച്ച് ഇതില്‍ വ്യത്യാസം വരാം. ഇതുകൂടാതെ ടവര്‍ സ്ഥാപിക്കാൻ എടുക്കുന്ന സ്ഥലത്ത് കുഴിയെടുക്കുമ്ബോള്‍ അതിന്‍റെ മണ്ണ് ഈ കുഴിയുടെ പുറത്തേക്കാണ് ഇടാൻ സാധ്യത.
അതുപോലെ ഇവിടെ കോണ്‍ക്രീറ്റ് വര്‍ക്ക് നടക്കുമ്ബോള്‍ കൃത്യമായി എട്ട് സെന്‍റില്‍ ആകണമെന്നില്ല. പുറത്തോട്ട് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വന്നാല്‍ അവിടെ മറ്റു കാര്‍ഷിക പണികള്‍ നടത്താൻ ബുദ്ധിമുട്ടാകും. ടവര്‍ സ്ഥാപിക്കാൻ നിര്‍മിക്കുന്ന കുഴിയുടെ മണ്ണ് എട്ടു സെന്‍റിന് പുറത്തേക്കിട്ടാലും അവിടെ നിര്‍മാണ പ്രവൃത്തികള്‍ ബുദ്ധിമുട്ടാകും. അത്തരത്തില്‍ വരുമ്ബോള്‍ ഒരു ടവറിന് ഏകദേശം 12-13 സെന്‍റ് ആവശ്യമായി വരാം. ഭൂപ്രകൃതിയും ടവറുകളുടെ ഡിസൈനും അനുസരിച്ച് നിലവില്‍ അഞ്ചുമുതല്‍ 27.6 സെന്‍റ് വരെ സ്ഥലം ആവശ്യമായി വരുമെന്നാണ് കെഎസ്‌ഇബി അധികൃതര്‍ പറയുന്നത്.
അങ്ങനെ വരുമ്ബോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായമായ വില കിട്ടിയാല്‍ മാത്രമേ നിര്‍മാണ പ്രവൃത്തി നടത്താൻ അനുവദിക്കൂ എന്നാണ് സ്ഥലം ഉടമകള്‍ പറയുന്നത്. അല്ലാത്തപക്ഷം ടവര്‍ നിര്‍മിക്കാൻ എടുക്കുന്ന സ്ഥലത്തു മാത്രമേ കുഴിയെടുക്കുന്ന മണ്ണും കോണ്‍ക്രീറ്റിന് ആവശ്യമായ സാധനങ്ങളും ഇടാൻ പാടുള്ളൂവെന്നും പ്രദേശവാസികള്‍ പറയുന്നു. ന്യായമായ വില തന്നാല്‍ മാത്രമേ സ്ഥലം വിട്ടുനല്‍കൂവെന്നും അവിടെ മാത്രമേ നിര്‍മാണ പ്രവൃത്തികളും അനുബന്ധ പ്രവൃത്തികളും ചെയ്യാൻ പാടുള്ളൂവെന്നും കര്‍ഷകര്‍ പറയുന്നു.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മൂന്നു വാര്‍ഡുകളിലും പ്രാദേശികമായി ആക്ഷൻ കമ്മിറ്റികള്‍ രൂപീകരിച്ച് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പഞ്ചായത്ത് മെംബര്‍മാരായ സാജു ജോസഫും അലക്സ് ചുനിയൻമാക്കലും സെബാസ്റ്റ്യൻ രാജു വിലങ്ങോലിയും പറയുന്നു.
സര്‍ക്കാര്‍ നല്കുന്ന വില തുച്ഛം
താരിഫ് വിലയുടെ 85 ശതമാനം ടവര്‍ നിര്‍മിക്കുന്ന സ്ഥലത്തിനും 15 ശതമാനം വൈദ്യുത ലൈൻ കടന്നുപോകുന്ന സ്ഥലത്തിനും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. തീരുമാനം പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞദിവസം ആലക്കോട് സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
നിലവില്‍ ഇവിടെ ഗവണ്‍മെന്‍റ് താരിഫ് വില മാര്‍ക്കറ്റ് വിലയുടെ 20 ശതമാനം പോലും ഇല്ലെന്നും നിലവിലുള്ള വിലയുടെ അഞ്ച് ഇരട്ടിയുടെ 80 ശതമാനം ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തിനും അഞ്ചിരട്ടിയുടെ 15 ശതമാനം ലൈൻ കടന്നുപോകുന്ന സ്ഥലത്തിനും ലഭ്യമാക്കണമെന്നുമാണ് സ്ഥല ഉടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാല്‍ പവര്‍ഗ്രിഡിന്‍റെ എക്സിക്യൂട്ടീവ് എൻജിനിയര്‍ പറയുന്നത് സര്‍വേ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും വര്‍ക്കുകള്‍ തുടങ്ങിയിട്ടുണ്ട് എന്നുമാണ്. വില പുനര്‍നിശ്ചയിക്കാൻ വേണ്ടി വകുപ്പ് മന്ത്രിക്ക് രേഖാമൂലം അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന നാമമാത്രമായ തുക വാങ്ങി സ്ഥലം വിട്ടുനല്‍കാൻ തയാറല്ല എന്നാണ് സ്ഥലം ഉടമയായ റെജി ഐക്കര പറയുന്നത്. സ്ഥലം പൊതു ആവശ്യത്തിന് വിട്ടുനല്‍കുന്നതല്ല. കെഎസ്‌ഇബിയുടെ ആവശ്യാര്‍ഥമാണ് നല്‍കുന്നത്. കെഎസ്‌ഇബി വൈദ്യുതി നല്‍കുന്നത് സൗജന്യമായിട്ടല്ല. ഉപഭോക്താക്കളില്‍ നിന്ന് ഗണ്യമായ തുക വാങ്ങുന്നുണ്ട്. അതിനാല്‍ മാന്യമായ നഷ്ടപരിഹാരം ലഭിച്ചാല്‍ മാത്രമേ സ്ഥലം നല്‍കാൻ കഴിയൂവെന്നും റെജി ഐക്കര പറയുന്നു.

Post a Comment