വ്യാജ ആയുര്‍വേദമരുന്ന് വില്പന നടത്തി പണം തട്ടുന്ന സംഘം ബക്കളത്ത് പിടിയിൽ;മരുന്ന് വാങ്ങി വഞ്ചിതരായവരിൽ ആലക്കോട് നിന്ന് ഉള്ളവരും

 


തളിപ്പറമ്പ്: വ്യാജ ആയുര്‍വേദ മരുന്നുകളുമായി ഒരു സംഘം ബക്കളത്ത് പിടിയില്‍. കഴിഞ്ഞ കുറച്ചു നാളുകളായി മലയോരമേഖലകളിലും തളിപ്പറമ്ബ് നഗരത്തിന്‍റെ പലഭാഗങ്ങളിലുമായി വില്പന നടത്തുന്ന ആന്ധ്രാ സ്വദേശിയായ രാജുവിനെയും സംഘത്തെയുമാണ് നാട്ടുകാര്‍ പിടികൂടിയത്.


നടുവേദന,ശരീരവേദന തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് എന്ന് പറഞ്ഞായിരുന്നു ഇവര്‍ വില്പന നടത്തിയിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം വീട്ടില്‍ എത്തിയാണ് ഉവര്‍ തട്ടിപ്പ് നടത്തുന്നത്. ചെറുപാക്കറ്റുകളിലാക്കി ഗുളിക രൂപത്തിലും പൊടി രൂപത്തിലും ഉള്ള മരുന്നുകളാണ് ഇവര്‍ വില്പന നടത്തുന്നത്. പല സംഘങ്ങളായി വിവിധ സ്ഥലങ്ങളിലായാണ് ഇവര്‍ വ്യാജ മരുന്നുകള്‍ വില്പന നടത്തുന്നത്. തളിപ്പറമ്പ്, പടപ്പേങ്ങാട്, ആലക്കോട് എന്നീ മേഖലയില്‍ ഇത് വാങ്ങിക്കഴിച്ചവര്‍ക്ക് വയറുവേദന, വയറിളക്കം ഛര്‍ദ്ദി തുടങ്ങി പലതരത്തില്‍ ഉള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് വ്യാജ ആയുര്‍വേദ മരുന്ന് വാങ്ങി വഞ്ചിതരായവര്‍  തളിപ്പറമ്പ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. 


തട്ടിപ്പിന് ഇരയായവര്‍ അനുഭവം വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബക്കളത്ത് ഈ സംഘം ഉണ്ടെന്ന് അറിഞ്ഞ് നാട്ടുകാര്‍ ഇവരെ പിടിച്ചു നിര്‍ത്തുകയും തളിപ്പറമ്ബ് മലയോര പ്രദേശത്തെ മരുന്ന് വാങ്ങി വഞ്ചിതരായവരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സ്ഥലത്ത് എത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ പിടികൂടി പോലീസില്‍ ഏല്പിച്ചു.


പലഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളില്‍ നിന്നായി മരുന്ന് കൊടുത്ത് ഇവര്‍ കൈക്കലാക്കിയത് ലക്ഷങ്ങളാണ്. ചപ്പാരപ്പടവ് ഭാഗത്തുനിന്ന് മാത്രം മൂന്ന് ലക്ഷത്തോളം രൂപയാണ് ഇവര്‍ വാങ്ങിച്ചത്. മുൻകൂറായി പൈസ വാങ്ങി മരുന്ന് നല്‍കാതെയും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. തളിപ്പറമ്ബ് പടപ്പേങ്ങാട് സ്വദേശികളാണ് കൂടുതലായും തട്ടിപ്പിനിരയായത്. നാട്ടുകാര്‍ പിടികൂടിയ ഈ സംഘത്തെ പോലീസില്‍ ഏല്‍പ്പിച്ചു.

Post a Comment

Previous Post Next Post