കണ്ണൂർ: രാവിലെയും വൈകിട്ടും കണ്ണൂര്‍- കാസര്‍കോട്- കോഴിക്കോട് റൂട്ടിലോടുന്ന ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ പൂഴി വാരിയിട്ടാല്‍ താഴെ വീഴില്ല.
അത്രയധികം യാത്രക്കാരെ കുത്തി നിറച്ചാണ് ഓടുന്നത്. ജോലിസ്ഥലത്തേക്കും തിരിച്ച് വീട് പിടിക്കാനുമുള്ള നെട്ടോട്ടത്തിനിടെ തിരക്ക് കാരണം ശ്വാസം കിട്ടാതെ ബോധമറ്റ് വീഴുന്നവരുടെ കാഴ്ച നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം പരശുറാം എക്സ്പ്രസില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥി ബോധമറ്റുവീണു. ഒരു മാസത്തിനിടെ മൂന്ന് യാത്രക്കാരാണ് ശ്വാസം മുട്ടി കുഴഞ്ഞുവീണത്.
ജനറല്‍ കോച്ചുകളില്‍ കയറിപ്പറ്റാനുള്ള പാടും ചില്ലറയല്ല. ഒന്നോ രണ്ടോ കോച്ചില്‍ കയറാനായി നൂറുകണക്കിനാളുകളാണ് സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നത്. കോച്ചില്‍ കയറിപ്പറ്റാൻ അതിസാഹസം കാണിക്കണം. തിരക്ക് കാരണം അപകടകരമായി വാതില്‍പ്പടിയുടെ മുകളിലിരുന്നും പിടിച്ച് തൂങ്ങിയും യാത്രചെയ്യുന്നവരും ഏറെ. റെയില്‍വേ സ്ലീപ്പര്‍ കോച്ചുകളുടെയും ജനറല്‍ കോച്ചുകളുടേയും എണ്ണം വെട്ടിക്കുറച്ചതാണ് ട്രെയിൻ യാത്ര അതീവ ദുഷ്കരമാക്കിയത്. യാത്രക്കാര്‍ കഷ്ടപ്പെടുമ്ബോഴും കോച്ചുകള്‍ വര്‍ധിപ്പിക്കാതെ കൊല്ലാക്കൊല ചെയ്യുകയാണ് റെയില്‍വേ. രാവിലെയും വൈകിട്ടും കോഴിക്കോടിനും മംഗളൂരുവിനും ഇടയിലുള്ള യാത്രയാണ് ഏറെ ദുഷ്കരം.
രാവിലെ കണ്ണൂരില്‍നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള മൂന്ന് ട്രെയിനുകളെയാണ് ദിവസേന യാത്ര ചെയ്യുന്നവര്‍ ഉപയോഗിക്കുന്നത്. 6.40ന് മലബാര്‍ എക്സ്പ്രസും 6.50ന് കണ്ണൂര്‍–- മംഗളൂരു പാസഞ്ചറും 7.40ന് കണ്ണൂര്‍–- മംഗളൂരു സ്പെഷ്യല്‍ എക്സ്പ്രസും. ഈ ട്രെയിനുകളിലെ ജനറല്‍ കോച്ചില്‍ കാലുകുത്താനിടമുണ്ടാവില്ല. കോഴിക്കോട് ഭാഗത്തേക്കുള്ള പരശുറാം എക്സ്പ്രസിലും ഏറനാടിലും എഗ്മോറിലും ഇത് തന്നെയാണ് സ്ഥിതി.
രാത്രി കണ്ണൂരിലെത്തുന്നവര്‍ക്ക് വടക്കോട്ടേക്ക് യാത്രചെയ്യാൻ തൊട്ടടുത്ത ദിവസംവരെ കാത്തിരിക്കണം. വൈകിട്ട് 6.40ന് കണ്ണൂരിലെത്തുന്ന നേത്രാവതി എക്സ്പ്രസാണ് വടക്കോട്ടുള്ള അവസാന വണ്ടി. പിന്നീട് എട്ടുമണിക്കൂറിനുശേഷം പുലര്‍ച്ചെ 2.30നുള്ള ചെന്നൈ–-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനായി കാത്തിരിക്കണം. എട്ട് വണ്ടികള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നുണ്ട്. ഇവയില്‍ ചിലതെങ്കിലും കാസര്‍കോട്ടേക്ക് നീട്ടുകയോ സമയം മാറ്റുകയോ ചെയ്താല്‍ ഈ മേഖലയിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാനാകും.
Post a Comment