വിജ്ഞാന വേദിയായി 'യെസ് ക്വിസ് മി'; കണ്ണൂരില്‍ കിരീടം ചൂടി ആലക്കോട് എൻ.എസ്.എസ്

കണ്ണൂര്‍: പൊതുവിജ്ഞാനത്തിന് പുറമേ, കുട്ടികളുടെ നിരീക്ഷണപാടവവും യുക്തിചിന്തയുമൊക്കെ അളന്ന് ഒരു ക്വിസ് മത്സരം.
'മാതൃഭൂമി'യും 'ഫെയര്‍ ഫ്യുച്ചര്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടൻസി'യും ചേര്‍ന്ന് നടത്തിയ 'യെസ് ക്വിസ് മീ' ക്വിസ് മത്സരം കുട്ടികള്‍ക്ക് അറിവിന്റെ പുത്തൻ അനുഭവമായി. രണ്ടുപേരടങ്ങിയ 241 ടീമുകള്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും മത്സരം ശ്രദ്ധേയമായി.

ആലക്കോട് എൻ.എസ്.എസ്. എച്ച്‌.എസ്.എസിലെ എസ്. ദേവിക, ദേവപ്രിയ മധുസൂദനൻ എന്നിവരുള്‍പ്പെട്ട ടീമിനാണ് ഒന്നാം സമ്മാനം. 10,000 രൂപയാണ് സമ്മാനം. പിണറായി എ.കെ.ജി. എം.ജി.എച്ച്‌.എസ്.എസിലെ തൃദീയ അരവിന്ദ്, ബി. ശ്രീഹര്‍ഷ് എന്നിവര്‍ രണ്ടാമതെത്തി. എ.കെ.ജി.എസ്.ജി.എച്ച്‌.എസ്.എസ്. പെരളശ്ശേരിയിലെ എ.ബി. അമീൻ ഇഖ്ബാല്‍, എൻ.പി. നിഹാര എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം. കൂത്തുപറമ്ബ് എച്ച്‌.എസ്.എസിലെ ഇ. ശ്രീലക്ഷ്മി, ഹരിനന്ദ സുരേഷ് എന്നിവര്‍ നാലാം സ്ഥാനം നേടി.

പ്രാഥമിക റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ ടീമുകളാണ് സെമിയിലെത്തിയത്. ഇവരില്‍നിന്നാണ് ഫൈനലിനുള്ളവരെ മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. ക്വിസ് മാസ്റ്റര്‍ സ്നേഹജ് ശ്രീനിവാസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കണ്ണൂര്‍ ജവാഹര്‍ ലൈബ്രറി ഹാളില്‍ നടന്ന ക്വിസ് മത്സരം അസി. കളക്ടര്‍ അനൂപ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്തു. 'മാതൃഭൂമി' കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി, ന്യൂസ് എഡിറ്റര്‍ വി.യു. മാത്യുക്കുട്ടി എന്നിവര്‍ സംസാരിച്ചു.

അറിവിന്റെ കൗതുകമൊളിപ്പിച്ച ചോദ്യങ്ങള്‍

അറിവിന്റെ കൗതുകമൊളിപ്പിച്ച ചോദ്യങ്ങളായിരുന്നു ക്വിസ് മാസ്റ്റര്‍ സ്നേഹജ് ശ്രീനിവാസിന്റെത്. മഞ്ഞുപോലെ തോന്നിപ്പിക്കുന്ന 'മന്തി' കേരളത്തിന് പരിചയപ്പെടുത്തിയ 'മന്തി കാക്ക'യും തമിഴ് സംസാരിക്കുന്ന ഹരിയാണക്കാരും 'ഹെല്‍വീഷ്യ' എന്ന് അറിയപ്പെടുന്ന സ്വിറ്റ്സര്‍ലൻഡും വിദ്യാര്‍ഥികളുടെ ചിന്താശേഷി അളക്കുന്ന ചോദ്യങ്ങളായിരുന്നു.

'ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്ബഴുക്ക'ക്ക് ഈണമൊരുക്കിയ സംഗീതസംവിധായകനായ കണ്ണൂര്‍ രാജനെ, കണ്ണൂരിലെ കുട്ടികളില്‍ പലര്‍ക്കും തിരിച്ചറിയാതെ പോയി.തോറിനെയും സ്പൈഡര്‍മാനെയും ബ്ലാക്ക് പാന്തറെയും എന്തിന് തോറിൻറെ ആയുധമായ 'മ്യോനെറ'യും തിരിച്ചറിഞ്ഞവര്‍ കേരള സര്‍ക്കാരിന്റെ കൃഷിയുടെ ഭാഗ്യചിഹ്നമായ 'ചില്ലു അണ്ണാ'നെ തിരിച്ചറിഞ്ഞില്ല. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളെക്കുറിച്ചുമാത്രം ചോദിച്ച 'ലോങ് വിഷ്വല്‍ കണക്‌ട് റൗണ്ടി'ല്‍ ഒരു ടീമിനും ഉത്തരം കണ്ടെത്താനായില്ല.

Post a Comment

Previous Post Next Post