കുടിയാൻമല : കാടിന് നടുവിലുള്ള വിനോദസഞ്ചാരകേന്ദ്രത്തിൽ ആവശ്യത്തിന് സുരക്ഷയില്ലെന്ന് ആക്ഷേപം. ആനകളുടെ സാന്നിധ്യം എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാവുന്ന പൈതൽമല
വിനോദസഞ്ചാരകേന്ദ്രത്തിലാണ് സഞ്ചാരികളുടെ സുരക്ഷയ്ക്ക് സൗകര്യമൊന്നുമില്ലാത്തത്, ഒരു ഇക്കോ ടൂറിസം-വനം വാച്ചർ മാത്രമാണ് മലയിലുള്ളത്. അതാകട്ടെ താത്കാലിക നിയമനവുമാണ്. സുരക്ഷയ്ക്കുള്ള ഉപകരണങ്ങളോ ആയുധങ്ങളോ ഒന്നുംതന്നെ ഈ ജീവനക്കാരന്റെ കൈയിലില്ല.
ആദ്യ സഞ്ചാരി എത്തും മുൻപ് കൊടുംകാട്ടിലൂടെ നടന്ന് മലയിലെത്തി സാഹചര്യം
വിലയിരുത്തുന്നത് ഈ ജീവനക്കാരനാണ്. ഇദ്ദേഹം നൽകുന്ന നിർദേശമനുസരിച്ചാണ് ആളുകളെ കയറ്റിവിടുന്നത്. അവസാന സഞ്ചാരി മലയിറങ്ങിയശേഷം വേണം ജീവനക്കാരൻ തിരികെയെത്താൻ.
ടിക്കറ്റ് കൗണ്ടറിൽനിന്ന് നാലുകിലോമീറ്റർ വനത്തിനുള്ളിലൂടെ നടക്കാനുണ്ട്. ആനയ്ക്ക് ഏതുനിമിഷവും ഏതുവഴിയും കടന്നുവരാമെന്നിരിക്കെ ഒരു ജീവനക്കാരനെ ആശ്രയിച്ചുനടത്തുന്ന വിനോദസഞ്ചാരം അപകടമായേക്കാമെന്നാണ് ആശങ്ക.
വനത്തിന് നടുവിലെ വിനോദസഞ്ചാരം
പൈതൽമല വിനോദസഞ്ചാരകേന്ദ്രം വനത്തിനു നടുവിലുള്ള പുൽമേട്ടിലാണ്. ആലക്കോട് മഞ്ഞപ്പുല്ലിൽനിന്ന് പൊട്ടൻപ്ലാവ് വഴിയും പ്രവേശനമുണ്ട്. വിശേഷദിവസങ്ങളിൽ ആയിരത്തോളം ആളുകൾ രണ്ടുവശങ്ങളിൽനിന്നും മലയിൽ എത്താറുണ്ട്.
സ്ത്രീകളും കുട്ടികളുമാണ് സന്ദർശകരിൽ ഏറെയും. കുന്നും കല്ലും നിറഞ്ഞ നടവഴി താണ്ടിവേണം മലയിറങ്ങാനും കയറാനും.
തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ ഏറെ
ആനയുടെ മുന്നിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുമുണ്ട്. ഒരു വർഷം മുൻപ് രണ്ട് സംഭവങ്ങളിൽ യുവാക്കളുടെ സംഘങ്ങൾ വനത്തിനുള്ളിലൂടെ കുന്നിറങ്ങി ഓടിയാണ് രക്ഷപ്പെട്ടത്. ഈ വർഷവും സഞ്ചാരികൾ ആനയുടെ മുൻപിൽ പെട്ടതായി നാട്ടുകാർ പറയുന്നു. കൂട്ടനിലവിളികളെ തുടർന്നാണ് ആന പിൻവാങ്ങിയത്.
വിനോദസഞ്ചാരത്തെ ബാധിക്കാതിരിക്കാൻ ഇക്കാര്യം രഹസ്യമാക്കിവെച്ചതായും ആക്ഷേപമുണ്ട്.
ഒറ്റപ്പെട്ട് ആനക്കൂട്ടങ്ങൾ
രണ്ടുപതിറ്റാണ്ട് മുൻപുവരെ മൺസൂൺകാലത്ത് മാത്രമാണ് ആനകൾ മലയിലുണ്ടാകുക. മഴ മാറുന്നതനുസരിച്ച് കർണാടകവനത്തിലേക്ക് ഇവ നീങ്ങിക്കൊണ്ടിരിക്കും.
ഇപ്പോൾ കുട്ടികൾ ഉൾപ്പെടുന്ന ആനക്കൂട്ടങ്ങൾ ഏതു സമയത്തും പൈതൽ കാട്ടിലുണ്ട്. ചീക്കാട്, മാമ്പൊയിൽ, മൂന്നാംകൂപ്പ്, വഞ്ചിയം, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിൽ കൃഷിക്കും മനുഷ്യനും ഭീഷണിയായി ഇത്തരം ആനക്കൂട്ടങ്ങൾ മാറിക്കഴിഞ്ഞു.
.jpeg)
Post a Comment