കുടിയാന്മല: കരിന്തളം-വയനാട് 400 കെവി വൈദ്യുതലൈൻ കടന്നുപോകുന്ന കിഴക്കൻ മലയോര മേഖലയിലെ ഏരുവേശി, നടുവില്‍ ഗ്രാമപഞ്ചായത്തുകളിലായി ഇരുപത്തഞ്ചിടങ്ങളില്‍ ടവറുകള്‍ നിര്‍മിക്കാനാണ് അടയാളക്കല്ലുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
ഇവയില്‍ പലതും സ്ഥലമുടമകളുടെ ശ്രദ്ധയില്‍പ്പെട്ടതുപോലും അടുത്ത നാളുകളിലാണ്.
കൃഷിയിടത്തിലെ കാട് വെട്ടിത്തെളിക്കുമ്ബോള്‍ കാണപ്പെട്ട കല്ലുകള്‍ എന്തിനുവേണ്ടി സ്ഥാപിച്ചതാണെന്നും പലര്‍ക്കും അറിയില്ലായിരുന്നു. കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളിലെ മലഞ്ചെരിവുകളില്‍ ആളുകള്‍ സ്ഥിരതാമസമില്ലാത്ത നിരവധി കൃഷി ഭൂമികളുണ്ട്. ഇവിടേക്ക് വാഹനഗതാഗതം സാധ്യമാകുന്ന വഴികളില്ലാത്തതിനാല്‍ സമീപവാസികളുടെ കൃഷിഭൂമികളിലൂടെ താത്കാലിക റോഡുകള്‍ ഉണ്ടാക്കാനാണ് കരാറുകാര്‍ ശ്രമം നടത്തുന്നത്. നടുവില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കുടിയാന്മല വളപ്പിന് സമീപം എട്ടേക്കര്‍ കൃഷിയിടമുള്ള കര്‍ഷകനാണ് കൊള്ളിക്കുന്നേല്‍ ബാലകൃഷ്ണൻ. ഇദ്ദേഹത്തിന്‍റെ പറമ്ബില്‍ ഉയര്‍ന്ന ഭാഗത്തായി ടവറിനുള്ള കല്ലിട്ടിട്ടുണ്ട്. ഇവിടേക്ക് വലിയ ലോറികളില്‍ ടവര്‍ നിര്‍മാണ സാമഗ്രികളെത്തിക്കാൻ റോഡ് സൗകര്യമില്ല.
വീടിനോടു ചേര്‍ന്ന കൃഷിയിടത്തിലൂടെ റോഡുണ്ടാക്കുമെന്നറിയിച്ച് ഏതാനും നാളുകള്‍ മുമ്ബ് ചില അപരിചിതര്‍ തന്‍റെയടുത്ത് വന്നിരുന്നതായി ബാലകൃഷ്ണൻ പറഞ്ഞു. ജീവിതവരുമാനമാര്‍ഗമായ വിവിധ കൃഷികള്‍ നിലവിലുള്ള സ്ഥലമാണിത്. അവയില്ലാതാക്കി റോഡുണ്ടാക്കണമെങ്കില്‍ താരിഫ് വിലയുടെ അഞ്ചിരട്ടി തുക തന്ന് സ്ഥലം ഏറ്റെടുത്ത ശേഷം മതി റോഡ് നിര്‍മാണമെന്നും അല്ലാതെ തന്‍റെ പറമ്ബില്‍ കാലുകുത്താൻ അനുവദിക്കില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ നിലപാട്.
ഒന്നും തെളിച്ച് പറയാതെ കെഎസ്‌ഇബി
ഏകദേശം 500- 600 മീറ്റര്‍ ദൂരപരിധിയില്‍ ടവറുകള്‍ സ്ഥാപിക്കുമ്ബോള്‍ അവയ്ക്കിടയില്‍ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ആരുടെയൊക്കെ സ്ഥലം ഉള്‍പ്പെടുമെന്ന് ഇപ്പോള്‍ ആര്‍ക്കും ഒരു രൂപവുമില്ല. ലൈൻ കടന്നു പോകുന്ന പ്രദേശത്തെ ഭൂമിയിലുള്ള സര്‍വതും വെട്ടിമാറ്റി 46 മീറ്റര്‍ വീതിയില്‍ ഒന്നുമില്ലാതാക്കുമെന്നാണറിയുന്നത്. അങ്ങനെയെങ്കില്‍ ഈ സ്ഥലമത്രയും തുടര്‍ന്ന് ഉപയോഗശൂന്യമാകും.
തെങ്ങ്, കമുക്, റബര്‍, കശുമാവ് തുടങ്ങിയ നാണ്യവിളകള്‍ക്കും മറ്റ് വലിയ മരങ്ങള്‍ക്കും മാത്രം വളരെ തുച്ഛമായ വിലയാണ് നഷ്ടപരിഹാരമായി നല്‍കുമെന്ന് പറയുന്നത്. ഇങ്ങനെ വെട്ടിമാറ്റുമ്ബോള്‍ കുറഞ്ഞ സ്ഥലമുള്ള പലരുടേയും വീട് ഉള്‍പ്പെടെ ഭൂമി മുഴുവനായും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത്തരം നിസഹായാവസ്ഥകള്‍ക്ക് ന്യായമായ പരിഹാരമൊന്നും ഉറപ്പാക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കെഎസ്‌ഇബിയുടെ ഗൂഢനീക്കം.
പദ്ധതി നടപ്പാക്കാൻ ഏവര്‍ക്കും സ്വീകാര്യമായ ഒരു പൊതുനഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച് സ്ഥലമുടമകളുടെ അനുമതി നേടാൻ ശ്രമിക്കാതെ ചിലരെയൊക്കെ വ്യക്തിപരമായി നേരില്‍ കണ്ട് ചില മോഹന വാഗ്ദാനങ്ങള്‍ നല്‍കി കെണിയില്‍പ്പെടുത്തി സമ്മതപത്രം ഒപ്പിട്ടു വാങ്ങിയ സംഭവങ്ങളും വെളിപ്പെട്ടിട്ടുണ്ട്. രണ്ടും മൂന്നും ഏക്കര്‍ വിസ്തീര്‍ണം വരുന്ന കൃഷിഭൂമിയുടെ നടുവിലായി ടവര്‍ സ്ഥാപിക്കുമ്ബോള്‍ നഷ്ടമാകുന്നത് ടവര്‍ നില്‍ക്കുന്ന സ്ഥലം മാത്രമല്ല ഇരുഭാഗത്തേക്കും പോകുന്ന ലൈനുകള്‍ക്ക് താഴെ 46 മീറ്റര്‍ വീതിയിലുള്ള സ്ഥലം കൂടിയാണ്. കൃഷിഭൂമിയുടെ അതിരു ചേര്‍ന്ന് ടവറിന്‍റെ സ്ഥാനമുള്ള സ്ഥലമുടമകള്‍ താരതമ്യേന വലിയ നഷ്ടമില്ലെന്ന ചിന്തയിലായിരിക്കും അനുമതി നല്‍കുന്നത്.
സമ്മതപത്രത്തിന്‍റെ മറവിലും തട്ടിപ്പ്
കുടിയാന്മല പള്ളിക്കുന്ന് മലയിലെ മുണ്ടയ്ക്കല്‍ കുര്യാക്കോസിന്‍റെ രണ്ടരയേക്കര്‍ സ്ഥലം ആള്‍ താമസമില്ലാത്തതാണ്. കശുമാവും റബറുമാണ് കൃഷി. ഈ സ്ഥലത്തിന്‍റെ അതിരിലുള്ള തോടിനോട് ചേര്‍ന്ന ഭാഗത്ത് ടവര്‍ നിര്‍മിക്കാൻ കുര്യാക്കോസ് സമ്മതപത്രം ഒപ്പിട്ടു നല്‍കിയിരുന്നു. എന്നാല്‍ തൊഴിലാളികള്‍ ഇവിടെയെത്തി പണി തുടങ്ങിയപ്പോഴാണ് സ്ഥലവിനിയോഗത്തിന്‍റെ വ്യാപ്തി മനസിലായത്.
ടവര്‍ നിര്‍മിക്കാൻ എട്ട് സെന്‍റ് സ്ഥലം മതിയെന്നാണ് കെഎസ്‌ഇബിയുടെ വാദം. ഇത് ടവറിന്‍റെ നാല് കാലുകളുടെ അടിത്തറ മാത്രമാണ്. ടവറിന്‍റെ നിര്‍മാണ പ്രവൃത്തി തുടങ്ങിയപ്പോള്‍ 10 x 15 മീറ്റര്‍ വിസ്തൃതിയിലും 10 മീറ്റര്‍ ആഴത്തിലുമാണ് നാല് കുഴികള്‍ നിര്‍മിക്കുന്നത്. ഇതില്‍ നിന്നുള്ള കല്ലും മണ്ണും ചുറ്റുമുള്ള സ്ഥലത്ത് കൂട്ടിയിടുന്നതോടെ 25 സെന്‍റോളം സ്ഥലം ഉപയോഗശൂന്യമാകും. ഇത് ചോദ്യം ചെയ്ത സ്ഥലമുടമയെ സമ്മതപത്രം കാണിച്ച് നാവടക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി നിര്‍മാണ പ്രവൃത്തി തടയുകയാണുണ്ടായത്.
കൃഷിഭൂമി നഷ്ടപ്പെടുന്ന സ്ഥലമുടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിക്കും വരെ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവയ്ക്കാനാണ് എംഎല്‍എ ആവശ്യപ്പെട്ടത്. മണ്ണുമാന്തിയന്ത്രമടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ അവിടെനിന്ന് മാറ്റിച്ച ശേഷമാണ് എംഎല്‍എ മടങ്ങിയത്. ഏരുവേശി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചാത്തമലയില്‍ മങ്കുഴിയില്‍ ഷിബുവിന്‍റെ സ്ഥലത്താണ് ടവറിന്‍റെ സ്ഥാനം. ഇത് രണ്ടേക്കറോളം വരുന്ന കൃഷിഭൂമിയുടെ ചെറിയ ഭാഗത്തായതിനാല്‍ വലിയ നഷ്ടം സംഭവിക്കില്ലെന്നാണ് അദ്ദേഹം കരുതുന്നത്.
ലൈൻ കടന്നുപോകുന്ന സ്ഥലത്തെ മരങ്ങള്‍ മുറിക്കേണ്ടതായി വരും. ഇവയുടേതടക്കം മതിയായ നഷ്ടപരിഹാരവും ലഭ്യമാകേണ്ടതാണ്. ഈ ടവറില്‍ നിന്ന് ഇരുഭാഗത്തേക്കും ലൈൻ പോകുന്ന പ്രദേശത്ത് വിനോദ് കോട്ടി, പൈനാടത്ത് ബാബു, കണ്ണമ്ബുഴ സാബു തുടങ്ങി പലരുടേയും സ്ഥലങ്ങളുണ്ട്. ഈ ഭാഗത്തെ ആരുമായും അധികൃതര്‍ ഇതേവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്.
മലഞ്ചെരിവുകളില്‍ ടവറും ലൈനുകളും സ്ഥാപിക്കുമ്ബോള്‍ നഷ്ടമാകുന്ന സ്ഥലങ്ങള്‍ കൂടാതെ ഇവിടേക്ക് വാഹനങ്ങളില്‍ നിര്‍മാണ സാമഗ്രികളെത്തിക്കാൻ റോഡുണ്ടാക്കാനും സമീപവാസികളുടെ കൃഷിഭൂമികളിലെ വിളകള്‍ നശിപ്പിക്കേണ്ടതായി വരും. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായ ശേഷം റോഡുണ്ടാക്കിയ സ്ഥലം വീണ്ടും കൃഷി ഭൂമിയാക്കാമെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും നഷ്ടപ്പെടുന്ന കൃഷികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചേ തീരൂ എന്ന കര്‍ഷകരുടെ ആവശ്യവും ന്യായമാണ്.
(തുടരും )

Post a Comment