ആലക്കോട്: ചേനയും ചേന്പും കാച്ചിലും അടക്കമുള്ള കൃഷികള്‍ക്ക് കാട്ടുപന്നികള്‍ ഭീഷണിയായപ്പോഴാണ് റബറും കവുങ്ങും ജാതിയും വ്യാപകമായി കൃഷി ചെയ്തു തുടങ്ങിയത്.
എന്നാല്‍, ഇവയ്ക്കു ഭീഷണിയായാണ് 400 കെവി ലൈനും ടവറുകളും എത്തിയിരിക്കുന്നത്.
ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളില്‍ പൂര്‍ണമായും കൃഷി മേഖലയിലൂടെയാണ് വൈദ്യുതി ലൈനും ടവറുകളും കടന്നുപോകുന്നത്. നിരവധി വീടുകള്‍ക്ക് സമീപമാണ് ടവറുകള്‍ സ്ഥാപിക്കുന്നത്. ഉദയഗിരി പഞ്ചായത്തിലെ പൂവംചാല്‍, ആലക്കോട് പഞ്ചായത്തിലെ ഒറ്റത്തൈ, പാത്തൻപാറ, നെല്ലിക്കുന്ന് പ്രദേശങ്ങളിലൂടെയാണ് കരിന്തളം 400 കെവി ലൈൻ കടന്നുപോകുന്നത്.
ടവറിന് ആവശ്യമായ സ്ഥലം അടയാളപ്പെടുത്താൻ 30 സെന്‍റോളം വരുന്നുണ്ട്. ടവറിന്‍റെ നാല് കാലുകള്‍ക്ക് മാത്രമാണ് എട്ടുസെന്‍റ് സ്ഥലം വേണ്ടി വരികയെന്നും ബാക്കി അടയാളപ്പെടുത്തിയ സ്ഥലം കര്‍ഷകര്‍ക്ക് വാഴ,ചേന,ചേമ്ബ്, കപ്പ പോലെയുള്ള കൃഷികള്‍ ചെയ്യാമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, കാട്ടുപന്നികളുടെ ശല്യം വ്യാപകമായ സാഹചര്യത്തില്‍ ഇത്തരം കൃഷികള്‍ പ്രായോഗികമല്ലെന്നും പരമ്ബരാഗതമായുള്ള റബര്‍, തെങ്ങ്, കവുങ്ങ് എന്നിവയാണ് കൃഷി ചെയ്യേണ്ടതെന്നും കര്‍ഷകനായ ബെന്നി ഇടിയാകുന്നേല്‍ പറയുന്നു.
93 ാം നമ്ബര്‍ ടവര്‍ ആണ് ബെന്നിയുടെ കൃഷിയിടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ബെന്നിയുടെ വീടിന് സമീപത്തുനിന്ന് 30 മീറ്റര്‍ ദൂരം മാത്രമേ ടവറിലേക്കുള്ളൂ. പുതുതായി പണിത വീടിനും ഇത് ഭീഷണിയാണെന്ന് ബെന്നി പറയുന്നു. കൂടാതെ തന്‍റെ കൃഷിയിടം രണ്ടായി മുറിയുമെന്നും അതിനാല്‍ വില്പന പോലും സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു. പദ്ധതി 2025 മാര്‍ച്ചില്‍ കമ്മീഷൻ ചെയ്യേണ്ടതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നതെന്നും ഇവര്‍ തങ്ങളുടെ അനുവാദം കൂടാതെ കൃഷിയിടത്തില്‍ ഉള്‍പ്പെടെ കയറിവരുന്നതായും ബെന്നി ആരോപിക്കുന്നു.
ദേശീയപാതയ്ക്ക് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് കൊടുത്ത നഷ്ടപരിഹാരം ലഭ്യമാക്കിയാല്‍ വികസനത്തിന് എതിരല്ല, കൃഷിഭൂമി വിട്ടുകൊടുക്കാൻ തയാറാണ്. കാസര്‍ഗോഡ് ജില്ലയില്‍ കൊടുക്കാമെന്ന് പറഞ്ഞിരിക്കുന്ന നഷ്ടപരിഹാരം പോലും ഇവിടെയുള്ള കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും ബെന്നി ആരോപിക്കുന്നു. റബര്‍ 3000, കവുങ്ങ് 5000, തെങ്ങ് 8000 എന്നിങ്ങനെയാണ് കാര്‍ഷിക വിളകള്‍ മുറിച്ചു മാറ്റുന്നതിന് ലഭിക്കുകയെന്നാണ് ഇവിടെയുള്ള കര്‍ഷകര്‍ക്ക് ലഭ്യമായ വിവരം. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ ഇതിന്‍റെ മൂന്നിരട്ടിയോളം തുക നല്‍കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നാമ മാത്രമായ തുക വാങ്ങി സ്ഥലം വിട്ടു നല്‍കാൻ തയാറല്ല എന്നാണ് സ്ഥലം ഉടമയായ ബിനു കളപ്പുര പറയുന്നത്. സ്ഥലം പൊതുആവശ്യത്തിനല്ല വിട്ടുനല്കുന്നത്. കെഎസ്‌ഇബിയുടെ ആവശ്യത്തിനാണ്. കെഎസ്‌ഇബി വൈദ്യുതി നല്കുന്നത് സൗജന്യമായിട്ടല്ല.
ഉപഭോക്താക്കളില്‍ നിന്നും ഗണ്യമായ തുക വാങ്ങിയാണ് വൈദ്യുതി നല്‍കുന്നത്. അതിനാല്‍, മാന്യമായ നഷ്ടപരിഹാരം ലഭിച്ചാല്‍ മാത്രമേ സ്ഥലം നല്‍കാൻ കഴിയൂവെന്നും ബിനു പറയുന്നു.
കൃഷി ചെയ്യാനും അനുമതി വേണം
കെഎസ്‌ഇബി ടവര്‍ സ്ഥാപിക്കാനും ലൈൻ വലിക്കാനും ഭൂമി ഏറ്റെടുത്തു കഴിഞ്ഞാല്‍ പിന്നീട് ഈ മേഖലയില്‍ കൃഷി ചെയ്യണമെങ്കില്‍ അധികൃതരുടെ അനുമതി ആവശ്യമാണ്. എന്ത് കൃഷി ചെയ്യണമെന്നും അതുപോലെ എന്തെങ്കിലും നിര്‍മാണ പ്രവൃത്തികള്‍ നടത്തണമെങ്കിലും അനുവാദം ആവശ്യമായി വരും. കൂടാതെ ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് മാത്രം നഷ്ടപരിഹാരം കിട്ടിയാല്‍ പോരായെന്നും ലൈനിന്‍റെ പ്രസരണ നഷ്ടം ഉണ്ടാകുന്ന സ്ഥലത്തിനുകൂടി നഷ്ടപരിഹാരം ലഭിക്കണമെന്നും പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു. മാത്രവുമല്ല ലൈനില്‍ ലോഡ് കൂടുമ്ബോള്‍ ലൈൻ ചൂടാകാൻ സാധ്യത ഏറെയാണ്.
സൂര്യപ്രകാശം കാരണവും ലൈൻ ചൂടാവും. ഈ ചൂടെല്ലാം പ്രദേശത്തെ ഭൂമിയിലേക്കാണ് പതിക്കുക. അതിനാല്‍ തന്നെ ലൈൻ പോകുന്നതിനു താഴെ ജാതി,കാപ്പി തുടങ്ങിയ തണുപ്പ് ആവശ്യമായ കൃഷികള്‍ ചെയ്യാൻ ബുദ്ധിമുട്ടാകും. ഏറ്റെടുക്കുന്ന സ്ഥലത്തിന് സമീപമുള്ള കാര്‍ഷിക വിളകള്‍ക്ക് നാശമുണ്ടാകാനോ ഉണ്ടാക്കാനോ പാടില്ലെന്ന് രേഖാമൂലം ഉറപ്പുതരണമെന്നും കര്‍ഷകര്‍ പറയുന്നു. ലൈൻ കടന്നുപോകുന്ന അതിരുകള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും അതിന് പുറത്തുള്ള സ്ഥലത്ത് കയറുവാനോ അവിടെ കൃഷികള്‍ നശിപ്പിക്കാനോ പാടില്ലെന്നും കര്‍ഷകര്‍ പറയുന്നു.
വീടുകള്‍ക്കും ഭീഷണി
കളപ്പുര സജിയുടെ വീടിന്‍റെ 15 മീറ്റര്‍ താഴെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. മുന്പ് ഇത് വീടിന്‍റെ മുകളിലൂടെ തന്നെയായിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് ലൈൻ മാറ്റി വീടിന്‍റെ താഴെ ആക്കിയത്. ഇതും വലിയ ഭീഷണിയാണെന്നും വീട് വാസയോഗ്യമല്ലാതാകുമെന്നും സജി പറയുന്നു.
എന്നാല്‍, ഉദ്യോഗസ്ഥര്‍ പറയുന്നത് ടവറിന്‍റെ കീഴെയാണെങ്കിലും താമസിക്കുന്നതിന് കുഴപ്പമില്ല എന്നാണ്. കൂടാതെ പദ്ധതിയുടെ ആവശ്യത്തിനായി റോഡും കൃഷിയിടവും ഏറ്റെടുക്കാൻ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി സജി പറയുന്നു. ടവറിന്‍റെ കീഴില്‍ ഉദ്യോഗസ്ഥര്‍ താമസിക്കാൻ തയാറാണോയെന്നാണ് സജിയുടെ ചോദ്യം. മാന്യമായ നഷ്ട പരിഹാരം കിട്ടിയാല്‍ മാത്രമേ സ്ഥലം വിട്ടുനല്‍കാൻ സാധിക്കൂ എന്നാണ് സജിയും പറയുന്നത്. പൂവംചാലിലുള്ള മുരളീധരന്‍റെയും വീടിന്‍റെ സമീപത്തു കൂടി തന്നെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. വീടിന് സമീപം 30 മീറ്റര്‍ അടുത്ത് ടവറും മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇത് പൂവംചാല്‍ ബസ്‌സ്റ്റോപ്പിന്‍റെ സമീപത്ത് തന്നെയാണ്. ഇവിടെയുള്ള കടകള്‍ക്ക് ഉള്‍പ്പെടെ വൈദ്യുതി ലൈൻ കടന്നുപോകുന്നത് ഭീഷണിയാകാം.

Post a Comment