കണ്ണൂര്‍: ജില്ലയില്‍ വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്. ബാങ്ക് നിന്നാണെന്ന വ്യാജേന യുവാവിനെ വിളിച്ച് അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് 2,70,000 രൂപ.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രൂപാലി എന്ന് പരിചയപ്പെടുത്തിയ സ്ത്രീ കഴിഞ്ഞ ദിവസം ഉച്ചയോടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ യുവാവിന്‍റെ ഫോണിലേക്ക് വിളിച്ചു. ബാങ്ക് ജീവനക്കാരിയാണെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. യുവാവിന് ഇന്ത്യൻ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്നും അത് ഉപയോഗിക്കുന്നില്ലെന്നും ക്യാൻസല്‍ ചെയ്യണമെന്നും അവരോട് പറഞ്ഞു. ഫോണിലേക്ക് വന്ന ഒരു ഒ.ടി.പി അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം യുവാവ് പറഞ്ഞുകൊടുത്തു. ഇതിന് പിന്നാലെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായി.
ഇതിനു ശേഷം ആ സ്ത്രീ വീണ്ടും വിളിച്ചു. നഷ്ടപ്പെട്ട തുക ക്ലിയര്‍ ചെയ്യുവാൻ ഒ.ടി.പി പറഞ്ഞു കൊടുക്കാൻ നിര്‍ദ്ദേശിച്ചതു പ്രകാരം യുവാവ് ഒ.ടി.പി പറഞ്ഞു കൊടുത്തു. ഇതോടെ അക്കൗണ്ടിലേക്ക് നഷ്ടപ്പെട്ട തുകയേക്കാള്‍ കൂടുതല്‍ തുക ക്രെഡിറ്റ് ആയി. തുക ക്രെഡിറ്റായ കാര്യം അവരോട് പറഞ്ഞപ്പോള്‍ അത് ഭാവിയില്‍ ഉപയോഗിക്കാനാണ് എന്ന് പറയുകയും ആ തുക ഇപ്പോള്‍ വെണ്ടെന്ന് പറഞ്ഞപ്പോള്‍ അത് ക്ലിയര്‍ ചെയ്യാൻ അടുത്ത ഒരു ഒ.ടി.പി കൂടി വേണമെന്ന് പറയുകയും ചെയ്തു. ഇത് നല്‍കിയതോടെയാണ് 2,70,000 രൂപ നഷ്ടമായത്. കബളിക്കപ്പെട്ടെന്ന് മനസ്സിലായ യുവാവ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
വിളിക്കാം 1930
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ ഉടൻ 1930 എന്ന പോലീസ് സൈബര്‍ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ പരാതി റിപ്പോര്‍ട്ട് ചെയ്യുക.

Post a Comment