താലൂക്ക് ആശുപത്രിയുടെ സൗകര്യം; ജീവനക്കാര്‍ പിഎച്ച്‌സിയുടെ മാത്രം

 


ആലക്കോട്: ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്താവുന്ന അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.



മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയകേന്ദ്രമായി കാല്‍നൂറ്റാണ്ട് പിന്നിട്ട ആശുപത്രിയില്‍ മണിക്കൂറുകളോളം നീളുന്ന രോഗികളുടെ ക്യൂ നിത്യകാഴ്ചയാണ്. ഉദയഗിരി, മണക്കടവ്, തേര്‍ത്തല്ലി, നടുവില്‍, ചെങ്ങളായി, ചപ്പാരപ്പടവ്, കുടിയാന്മല എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഒടുവള്ളിത്തട്ട് സിഎച്ച്‌സിക്ക് കീഴിലാണ്.അതിവിസ്തൃതമായ അഞ്ചു പഞ്ചായത്തുകളിലെ ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതും ഈ സെന്‍ററാണ്.


താലൂക്ക് ആശുപത്രി 


കിഴക്കൻ മലയോര ജനതയുടെ ചികിത്സാസൗകര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1981ല്‍ ആരംഭിച്ച പ്രാഥമിക ആരോഗ്യകേന്ദ്രത്തെ 2008ലാണ് സിഎച്ച്‌സി ആയി ഉയര്‍ത്തിയത്. എന്നാല്‍, ഇപ്പോഴും പിഎച്ച്‌സിയുടെ അവസ്ഥയില്‍ തന്നെ തുടരുകയാണ്. മുപ്പതോളം കിടക്ക സൗകര്യമുള്ള ആശുപത്രിയില്‍ പിഎച്ച്‌സിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡപ്രകരമുള്ള ജീവനക്കാര്‍ മാത്രമേയുള്ളൂ. ഒടുവള്ളിത്തട്ട് സാമുഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ആളുകള്‍ താലൂക്ക് ആശുപത്രിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് മുപ്പതിലധികം കിലോമീറ്ററുകള്‍ യാത്രചെയ്ത് തളിപ്പറമ്ബില്‍ എത്തിയാണ്.ആവശ്യമായ ജീവനക്കാര്‍ ഇല്ലെന്നതൊഴിച്ചാല്‍ സിഎച്ച്‌സിയില്‍ ഭൗതിക സൗകര്യങ്ങള്‍ എല്ലാമുണ്ട്. 


രണ്ട് കെട്ടിടങ്ങള്‍ കൂടി


ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുതായി നിര്‍മിച്ച രണ്ട് കെട്ടിടങ്ങള്‍ ഉദ്ഘാടനം കാത്ത് കിടക്കുന്നു. കോവിഡ് പോലെയുള്ള അടിയന്തര ആവശ്യങ്ങള്‍ നേരിടാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിര്‍മിച്ച കെട്ടിടങ്ങളാണ് ഇവ. 


കിഫ്ബി ഫണ്ട്, എംഎല്‍എ ഫണ്ട് എന്നിവയില്‍ നിന്ന് 1.79 കോടി ചെലവഴിച്ച്‌ നിര്‍മിച്ച ഐസൊലേഷൻ വാര്‍ഡ്, നാഷണല്‍ ഹെല്‍ത്ത് മിഷൻ ഫണ്ടില്‍ നിന്ന് 1.36 കോടി രൂപ ചെലവഴിച്ച്‌ കിടത്തി ചികിത്സയ്ക്കായി നിര്‍മിച്ച കെട്ടിടവുമാണ് പൂര്‍ത്തിയായത്. ഇതിന് പുറമെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ് രണ്ടര കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമ്ബോള്‍ സജ്ജീകരിക്കപ്പെടുന്ന പ്രത്യേക ചികിത്സ വിഭാഗങ്ങളും ലാബ് സൗകര്യങ്ങളും സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്ന പൊതുജനങ്ങള്‍ക്ക് വലിയ ഉപകാരമാകും.

Post a Comment

Previous Post Next Post