ചപ്പാരപ്പടവ് : ഒടുവള്ളിത്തട്ട്-കുടിയൻമല റോഡിന്റെ ഭാഗമായ ചുണ്ടക്കുന്ന് വളവിൽ വാഹനാപകടം തുടർക്കഥയാകുന്നു.
കഴിഞ്ഞദിവസം കാർ നിയന്ത്രണംവിട്ട് റോഡരികിലെ ഓവുചാലിലേക്ക് വീണിരുന്നു. നാല് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ, വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ടയറുകൾ തെറിച്ചുപോയി.
റോഡ് മെക്കാഡം ടാറിങ്ങിനു ശേഷമാണ് അപകടങ്ങൾ വർധിച്ചത്. മാസത്തിൽ നാലും അഞ്ചും അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ഒരു ദിവസം മൂന്ന് അപകടങ്ങൾവരെ ഉണ്ടായിട്ടുണ്ട്. ഇതുവരെ വലിയ ദുരന്തം ഉണ്ടാകാത്തതിനാൽ അധികൃതർ ഇത് ഗൗരവമായെടുക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം, റോഡ് നിർമാണത്തിലെ അപാകമാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അവർ പറയുന്നു. കൊടും വളവും ചെരിവുമാണ് ഇവിടം.
ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. വിനോദസഞ്ചാരകേന്ദ്രങ്ങളായ പൈതൽമലയിലേക്കും പാലക്കയംതട്ടിലേക്കുമുള്ള പ്രധാന വഴിയായതിനാൽ ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നുണ്ട്.

Post a Comment