ഡല്‍ഹി: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് റെയില്‍വേ. സ്ലീപ്പറിന് പുറമെ ചാര്‍ജ് കുറവുളള വന്ദേ മെട്രോകളുടെ കോച്ചുകളും കൊണ്ടുവരും.
2024 വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ച് പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ ബി ജി മല്യ പറഞ്ഞു. ഇതിന്റെ നിര്‍മ്മാണം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അവസാന ഘട്ടത്തിലാണെന്നും ബി ജി മല്യ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ റെയില്‍ വികാസ് നിഗം ലിമിറ്റഡ്, റഷ്യയുടെ ടിഎംഎച്ച് ഗ്രൂപ്പും ചേര്‍ന്നാണ് വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കുന്നത്. രാജധാനിക്ക് പകരം വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. വന്ദേഭാരത് സ്ലീപ്പറില്‍ 16 ബോഗികളാണ് ഉണ്ടാവുക. ഇതില്‍ 11 ത്രീ ടയര്‍ എസി കോച്ചുകളും നാല് ടു ടയര്‍ എ എസി കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് എസിയും ഉള്‍പ്പെടും. നിലവില്‍ വന്ദേഭാരതിന് സീറ്റര്‍ കോച്ചുകള്‍ മാത്രമാണ് ഉള്ളത്. ഇതുമൂലം വന്ദേഭാരത് ഉപയോഗിച്ച് രാത്രി യാത്രകള്‍ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
നിലവില്‍ വന്ദേഭാരത് എക്സ്പ്രസുകള്‍ രാത്രിയാത്ര നടത്തുന്നില്ല. ഇതിന് പകരമായിട്ട് ആണ് ദീര്‍ഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കാൻ തീരുമാനിച്ചത്. ഒക്ടോബര്‍ 31ന് മുമ്ബ് വന്ദേ മെട്രോ തയ്യാറാവും. 12 കോച്ചുകളായിരിക്കും വന്ദേ മെട്രോയില്‍ ഉണ്ടാകുക. നിലവില്‍ ഓടുന്ന പാസഞ്ചറുകള്‍ക്ക് ബദലായിട്ടായിരിക്കും വന്ദേ മെട്രോകള്‍ വരിക എന്നാണ് റിപ്പോര്‍ട്ട്.

Post a Comment