ചെമ്പേരി: പ്രവർത്തനരഹിതമായ നിലയിൽ ടൗണിലെ റോഡിൽ വീണുകിടന്ന മൊബൈൽ ഫോൺ റിപ്പയർ ചെയ്ത് ഉടമയെ കണ്ടെത്തി തിരികെ നൽകി ഹോം ഗാർഡ്. ഫെഡറൽ ബാങ്ക് ചെമ്പേരി ശാഖയിലെ മാനേജർ പി. സൂരജിനായിരുന്നു മഴയിൽ കുതിർന്ന് പ്രവർത്തനം നിലച്ച നിലയിൽ ഫോൺ ലഭിച്ചത്. സൂരജ് ചെമ്പേരി ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് വരമ്പകത്ത് മാത്യുവിനെ ഏൽപ്പിക്കുകയായിരുന്നു. മുപ്പതിനായിരം രൂപ വിലയുള്ള സ്മാർട്ട് ഫോൺ ഓൺ ചെയ്യാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ഉടമയെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഹോം ഗാർഡ് മാത്യു സർവീസ് സെന്ററിൽ കൊടുത്ത് നന്നാക്കിയ ശേഷം ഈ ഫോണിലേക്ക് വിളിച്ചയാളിൽ നിന്നാണ് ഉടമയെ കണ്ടെത്തിയത്. ചെമ്പേരി വിമല ആശുപത്രിക്ക് സമീപത്തെ ചോക്കാട്ട് ജോബിന്റേതായിരുന്നു ഫോൺ.
വിവരമറിഞ്ഞ് ടൗണിലെത്തിയ ജോബിന് പൊതുജന സമക്ഷം മാത്യു ഫോൺ കൈമാറി. മാത്യു നേരത്തെ ശ്രീകണ്ഠപുരത്ത് ജോലി ചെയ്തിരുന്നപ്പോഴും ഇത്തരത്തിൽ കളഞ്ഞുകിട്ടുന്ന വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ സ്വന്തംനിലയിൽ ഉടമകളെ കണ്ടെത്തി തിരികെ നൽകി പ്രശംസ നേടിയിട്ടുണ്ട്.
Post a Comment