പഴയങ്ങാടി: മുക്കുപണ്ടം ബാങ്കില്‍ പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് യുവാവിനെതിരെ കേസ്. കടന്നപ്പള്ളി ചന്തപ്പുര സുഹറാസിലെ മുഹമ്മദ് റിഫാസി (36)നെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് 13,82,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ബാങ്ക് സീനിയര്‍ മാനേജര്‍ വി. ഹരിയുടെ പരാതിയിലാണ് കേസെടുത്തത്.
2022 ഒക്ടോബര്‍ 20 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി ഒന്ന് വരെയുള്ള കാലഘട്ടത്തില്‍ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വച്ചായിരുന്നു തട്ടിപ്പ്. എട്ട് പ്രാവശ്യമാണ് പണയം വച്ചത്. 330.6 ഗ്രാം വ്യാജ സ്വര്‍ണമാണ് പണയം വച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാല, വള, ബ്രേസിലേറ്റ് തുടങ്ങിയവയാണിത്. ആദ്യം പണയം വച്ച സ്വര്‍ണത്തിന്റെ കാലാവധി ഏപ്രില്‍ മാസമായിരുന്നു. കാലാവധിയായിട്ടും സ്വര്‍ണം തിരിച്ചെടുക്കാത്തതി നെത്തുടര്‍ന്ന് ബാങ്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സ്വര്‍ണം ലേലത്തില്‍ വില്‍ക്കുന്നതിന് മുന്നോടിയായി പണയം വച്ച ആഭരണം പരിശോധിച്ചപ്പോഴാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ആഭരണം മുറി ച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് വ്യാജ സ്വര്‍ണം തിരിച്ചറിഞ്ഞത്. മൂന്ന് ഗ്രാം സ്വര്‍ണം പൂശിയ പൈപ്പ് ആഭരണ മായിരുന്നു പണയം വച്ചത്. ചന്തപ്പുര സ്വദേശിയാണെങ്കിലും മുഹമ്മദ് റിഫാസിന്റെ പ്രവര്‍ത്തന കേന്ദ്രം മലപ്പുറമാണ്. അവിടെ റിയല്‍ എസ്റ്റേറ്റ്, വാഹന ഇടപാട് തുടങ്ങിയ തട്ടിപ്പുകളുമായി പ്രവര്‍ത്തിക്കുന്ന സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രൻ, പഴയങ്ങാടി സി.ഐ ടി.എൻ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹമ്മദ് റിഫാസിനെ കണ്ടെത്താൻ ശ്രമം തുടങ്ങി.

Post a Comment