കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം. നിശബ്ദ പ്രചാരണവും കഴിഞ്ഞു മറ്റെന്നാള്‍ ബൂത്തിലേക്ക്. പ്രചാരണരംഗം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ സ്ഥാനാര്‍ഥികള്‍ വിശ്രമമില്ലാതെ പായുകയാണ്.
പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിക്കാന്‍ ശ്രമിക്കുമ്പോഴും മൂവരും വിജയപ്രതീക്ഷയിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്, എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു.
വിജയപ്രതീക്ഷ
ചാണ്ടി ഉമ്മൻ: വിജയം ജനങ്ങളാണ് നിശ്ചയിക്കുന്നത്. ജനങ്ങളില്‍ പൂര്‍ണ പ്രതീക്ഷയുണ്ട്. ജനങ്ങളുടെ പിന്തുണയാണ് എപ്പോഴും യുഡിഎഫിനു ലഭിച്ചിട്ടുള്ളത്. ഇക്കുറിയും അതുണ്ടാകും. മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും. ചിട്ടയായ പ്രവര്‍ത്തനമാണ് നടക്കുന്നത്.
ജെയ്ക്: തുടക്കം മുതലുള്ള എല്‍ഡിഎഫിന്റെ ഗ്രാഫ് നോക്കുകയാണെങ്കില്‍ ഓരോദിവസവും മുന്നോട്ട് വരുന്നത് വളരെ വ്യക്തമായി കാണാനാകും. പ്രതീക്ഷയുടെയും ഉയര്‍ന്ന സ്വീകാര്യതയുടെയും ചിത്രമാണ് ആ ഗ്രാഫിനു പറയാനുള്ളത്. കേരളമൊട്ടാകെ പറയുന്നു പുതുപ്പള്ളിയില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന്. ശുഭപ്രതീക്ഷതന്നെയാണ് എല്‍ഡിഎഫിനുള്ളത്.
ലിജിന്‍: നല്ലവിജയ പ്രതീക്ഷയാണ് എന്‍ഡിഎയ്ക്കുള്ളത്. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ ഇത്തവണ എന്‍ഡിഎയ്ക്ക് അനുകൂലമാണ്. പാചകവാതക വില കുറച്ചത് മലയാളിക്ക് ലഭിച്ച ഓണസമ്മാനമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ജനം വിധിയെഴുതും.
സൈബര്‍ ആക്രമണം
ചാണ്ടി ഉമ്മൻ: ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പു വരുമ്പോഴും കുറെ വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. അല്ലാതെ നാട്ടിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും നേരമില്ല. സൈബര്‍ അക്രമണങ്ങളൊന്നും പുതുപ്പള്ളിക്കാര്‍ ചര്‍ച്ച ചെയ്യുന്നേയില്ല. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയുണ്ട്.
ജെയ്ക്: സൈബര്‍ ഫ്രെയ്മിലാണെങ്കിലും പുറത്താണെങ്കിലും ആരെയും വ്യക്തിപരമായി ആക്രമിക്കാനോ തേജോവധം ചെയ്യാനോ എല്‍ഡിഎഫ് ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്തിട്ടുമില്ല. പ്രചാരണരംഗത്ത് മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ച് സ്നേഹസംവാദം ആകാമെന്നാണ് എല്‍ഡിഎഫ് പറഞ്ഞത്.
ലിജിന്‍: സൈബര്‍ ആക്ര മണം പൊളിറ്റിക്കല്‍ അജൻഡയുടെ ഭാഗമാണ്. അതുജനങ്ങളെ ബാധിക്കുന്നതൊന്നുമല്ല. ഒരാള്‍ക്കെതിരേയും ബിജെപി സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നും വഴിതിരിച്ചു വിടാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയാണ് സൈബര്‍ ആക്രമണങ്ങള്‍.
വേറിട്ട അനുഭവം
ചാണ്ടി ഉമ്മൻ: ഏതുവീട്ടില്‍ ചെന്നാലും അപ്പയേക്കുറിച്ചാണ് എല്ലാവരും പറയുന്നത്. അപ്പയുടെ സ്നേഹവും കരുതലും ലഭിക്കാത്തവര്‍ ആരും മണ്ഡലത്തില്‍ ഇല്ല. എല്ലാരും പ്രാധാന്യം കൊടുക്കുന്നതും സംസാരിക്കുന്നതും അപ്പയേക്കുറിച്ചാണ്.
ജെയ്ക്: ഓരോ ദിവവസം ചെല്ലുമ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും വലിയ ഒരുസാമീപ്യം കാണാന്‍ സാധിക്കുന്നു. അവര്‍ ആരോഗ്യം എങ്ങനെയുണ്ട്, ഭക്ഷണം കഴിക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നതു കേള്‍ക്കുമ്പോള്‍ വലിയ സന്തോഷവും പ്രതീക്ഷയുമാണു തോന്നുത്.
ലിജിന്‍: ബിജെപിയുടെയും എന്‍ഡിഎയുടെയും മുഴുവന്‍ നേതാക്കളും ഇവിടെ പ്രചാരണത്തിനെത്തി എന്നത് വലിയ അനുഭവമാണ്. ബൂത്തുകളില്‍പോലും സംസ്ഥാന നേതാക്കളെത്തി. ഇത് എനിക്കും പ്രവര്‍ത്തകര്‍ക്കും വലിയ ഊര്‍ജമാണ് നല്‍കിയത്.
എതിരാളികള്‍
ചാണ്ടി ഉമ്മൻ: എതിരാളികള്‍ എല്ലാം അതതു പാര്‍ട്ടിയുടെ മികച്ച സ്ഥാനാര്‍ഥികളാണ്. അവരേക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാവരും മികച്ച സ്ഥാനാര്‍ഥികള്‍.
ജെയ്ക്: എതിര് സ്ഥാനാര്‍ഥികളെല്ലാം നല്ല വ്യക്തിത്വങ്ങളാണ്. രാഷ്ട്രീയപരമായും ആശയപരമായും വ്യത്യാസമുണ്ടെന്നല്ലാതെ ആരും മോശക്കാരല്ല.
ലിജിന്‍: എതിരാളികള്‍ എല്ലാവരും നല്ലവരാണ്. ഓരോ സ്ഥാനാര്ഥിയെും തീരുമാനിക്കുന്നത് അതതുപാര്ട്ടിയാണ്. അവര്‍ ഓരോ കഴിവുള്ളവരാണ്. വ്യക്തിപരമായി ഒരു ആക്ഷേപവുമില്ല.
ജോമി കുര്യാക്കോസ്

Post a Comment